നാണക്കേടില്ലാതെ ‘തള്ളൽ’; നാറ്റം നാടിന്

Mail This Article
തിരുവല്ല∙നഗരസഭാ പ്രദേശത്തും സമീപ പഞ്ചായത്തുകളിലും മാലിന്യം വലിച്ചെറിയുന്നതു വർധിച്ചു വരുന്നതായി പരാതി. റോഡ് വക്കിലും ആറ്റിലും തോട്ടിലും ആണ് പ്ലാസ്റ്റിക് ചാക്കുകളിലും പോളിത്തീൻ സഞ്ചികളിലും നിറച്ചു മാലിന്യം തള്ളുന്നത്. തിരുവല്ല മഴുവങ്ങാട് സിഗ്നൽ ജംക്‌ഷൻ മുതൽ പുഷ്പഗിരി സിഗ്നൽ ലൈറ്റ് വരെയുള്ള ബൈപാസ് റോഡിന്റെ ഇരുവശവും മാലിന്യം തള്ളിയിരിക്കുന്നു. വാഹനങ്ങളിൽ പോകുന്നവർ വീട്ടിലെ മാലിന്യം റോഡിന്റെ ഇരുവശവുമുള്ള തരിശായ പാടങ്ങളിലേക്ക് വലിച്ച് എറിയുന്നതു പതിവാണ്.

ഇറച്ചി അവശിഷ്ടങ്ങളും ചാക്കുകളിൽ കെട്ടി ഇവിടെ ഇടുന്നതായി പരാതി ഉയർന്നിട്ടുണ്ട്. അസഹ്യമായ ദുർഗന്ധം കാരണം രാവിലെ നടക്കാൻ പോകുന്നവർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നു. ബൈപാസ് റോഡിന്റെ സമീപത്ത് പലയിടത്തും മാലിന്യം പുഴുവരിച്ചു കിടക്കുന്നതും കാണാം. വേനൽ മഴ കൂടിയായാൽ ഇതു പല പകർച്ചവ്യാധികൾക്കും ഇടയാക്കും എന്നും നാട്ടുകാർ പറയുന്നു. ബൈപാസിനു സമീപമുള്ള മുല്ലേലി തോട്ടിലേക്കും മാലിന്യം തള്ളിയിട്ടുണ്ട്.
കുറ്റൂർ തോണ്ടറ പഴയ പാലത്തിൽ നിന്നു മാലിന്യം മണിമല ആറ്റിലേക്ക് തള്ളുന്നത് നിത്യ സംഭവമാണ്. മാലിന്യം നിറഞ്ഞ ധാരാളം ചാക്ക് കെട്ടുകൾ പാലത്തിന് താഴെ ഒഴുകി നടക്കുന്നത് കാണാൻ കഴിയും. വാഹനത്തിൽ എത്തുന്നവർ ഇത് വലിച്ച് എറിഞ്ഞ് പോവുകയാണ് എന്ന് നാട്ടുകാർ പറഞ്ഞു. കുറ്റൂർ ആറാട്ട് കടവിൽ വരട്ടാർ പാലത്തിന് സമീപം കറുത്ത പ്ലാസ്റ്റിക് കവറിൽ അറവ് ശാലയിൽ നിന്നുള്ള മാലിന്യം തള്ളിയതായി കാണാൻ കഴിയും.
കുറ്റൂർ ആറാട്ട് കടവ്–ഓതറ റോഡിൽ തലയാർ ട്രാൻസ്ഫോമറിന് സമീപം അറവ് ശാലയിൽ നിന്നുള്ള മാലിന്യം തള്ളുന്നുണ്ട്. സമീപവാസികൾ ഇത് മിക്കപ്പോഴും കുഴിച്ച് മൂടുകയാണ് പതിവ്.ഹരിത കർമസേന വീടുകളിൽ നിന്ന് അജൈവ മാലിന്യം ശേഖരിക്കുന്നുണ്ട് എങ്കിലും മറ്റ് മാലിന്യം വഴിയോരങ്ങളിലും നദിയിലും തോടുകളിലും തള്ളുന്നത് തുടരുകയാണ്.