ചില ‘തല’വരകൾക്ക് കാൻവാസ് വേണ്ട !
Mail This Article
ചെന്നൈയിലെ പ്രമുഖ ആർട്ട് ഗാലറിയില്‍നിന്ന് പ്രമോദ് നീലകണ്ഠന് ഒരു ഫോൺകോൾ വന്നു. 2022ൽ ഡൽഹിയിൽ നടക്കുന്ന ഇന്ത്യ ആർട്ട് ഫെയറിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള ക്ഷണമായിരുന്നു അത്. ഒരുനിമിഷം പ്രമോദിന് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. ഇത് സ്വപ്നമോ യാഥാർഥ്യമോ? പണ്ട് ഡൽഹിയിൽ ജോലി ചെയ്യുമ്പോൾ ടിക്കറ്റെടുക്കാൻ പണം ഇല്ലാത്തതിനാൽ കാണാൻ കഴിയാതെ പോയ ആർട്ട് ഫെയറിലേക്ക് തന്റെ 5 ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചിരിക്കുന്നു. ഏതൊരു കലാകാരന്റെയും വലിയ സ്വപ്നം. അന്നത്തെ സന്തോഷം വലുതായിരുന്നു.
കോഴഞ്ചേരി സ്വദേശി പ്രമോദ് നീലകണ്ഠൻ എന്ന ചിത്രകാരന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവുകളിൽ ഒന്നായിരുന്നു അത്. ചുമർ ചിത്രകലയിൽ കഴിവു തെളിയിച്ച പ്രമോദിനൊപ്പം ഇന്ന് വരയും വലിയ സ്വപ്നങ്ങളുമായി അദ്ദേഹത്തിന്റെ മകളും, നഴ്സിങ് വിദ്യാർഥിനിയുമായ ആവണി പ്രമോദുമുണ്ട്. ഇലന്തൂർ മഹാഗണപതി ക്ഷേത്രത്തിന്റെ ചുറ്റുമതിലിൽ ചുവർചിത്രങ്ങൾ വരയ്ക്കുന്നത് ആവണിയും അച്ഛനും ചേർന്നാണ്. കുട്ടിക്കാലം മുതൽ വരച്ചിരുന്ന ആവണിക്ക് നൃത്തത്തിലായിരുന്നു താൽപര്യം. ഭരതനാട്യം പരിശീലിച്ചു.
കലോത്സവങ്ങളിൽ കഴിവു തെളിയിച്ച ആവണി അച്ഛന്റെ കലാലോകത്തേക്ക് എത്തിപ്പെട്ടത് യാദൃച്ഛികമായാണ്. കൊച്ചി മുസരിസ് ബിനാലെയോട് അനുബന്ധിച്ചു നടത്തപ്പെട്ട ക്ലിന്റ് രാജ്യാന്തര പെയിന്റിങ് മത്സരത്തിൽ ചിത്രം അയച്ചതാണ് വഴിത്തിരിവായത്. ആദ്യ മത്സരത്തിൽ തന്നെ പ്രഥമ സ്ഥാനം നേടിയതോടെ ആത്മവിശ്വാസം വർധിക്കുകയും തന്റെ വഴി ഇതുകൂടിയാണെന്നു തിരിച്ചറിയുകയും ചെയ്തു. അതോടെ അച്ഛനു ശിഷ്യപ്പെട്ട മകൾ വരയെ ഗൗരവമായി കാണുകയായിരുന്നു.
ഡൽഹിയിലെ ഒരു ഇൻവിറ്റേഷൻ കാർഡ് കമ്പനിയിൽ ഡിസൈനറായാണ് പ്രമോദിന്റെ ചിത്രരചനാ തുടക്കം. വര കംപ്യൂട്ടർ കയ്യടക്കിയപ്പോൾ അവിടം വിട്ടു. ഒരു യാത്രയ്ക്കിടെ സ്പെയിനും ഇന്ത്യയും ചേർന്നു നടത്തുന്ന പാബ്ലോ പിക്കാസോയുടെ ചിത്ര, ശിൽപ പ്രദർശനം കാണാനിടയായി. അതുവരെ താൻ കണ്ടതല്ല ചിത്രകല എന്ന തിരിച്ചറിവ് ഉണ്ടായതോടെ ഡൽഹിവിട്ട് നാട്ടിലേക്ക്. ചിത്രകലാ മേഖലയുടെ സാധ്യതകൾ ഇവിടെ പരിതാപകരമായതിനാൽ രവിവർമ ചിത്രങ്ങൾ കോപ്പി ചെയ്തായി ജീവിതം.
നാട്ടിലെ ഒരു പ്രദർശനത്തിൽ രവിവർമയുടെ ഹംസ ദമയന്തി ചിത്രം പ്രദർശിപ്പിച്ചപ്പോൾ ഒരു ചെറിയകുട്ടി ഇത് രവിവർമ ചിത്രമല്ലേ എന്ന ചോദ്യം എറിഞ്ഞു. അതെ എന്ന ഉത്തരം നൽകിയത് പകർത്തി വര എന്നത് ഉപേക്ഷിക്കുക എന്ന തീരുമാനത്തോടെ ആയിരുന്നു. അതിനു ശേഷം ചുമർചിത്രകല പഠിക്കാൻ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ ചേർന്നു. ആദ്യ അക്കാദമിക് പരിശീലനമായിരുന്നു അത്. കോട്ടയം നഗരത്തെ ചുമർചിത്ര നഗരിയാക്കുന്ന ക്യാംപിലും പങ്കെടുത്തു.
കല പഠിപ്പിക്കുന്ന ഗുരുവിന് തന്റെമേൽ ഉണ്ടായിരുന്ന വിശ്വാസംകൊണ്ടാകണം കാഞ്ഞിരപ്പള്ളി നഗരത്തില്‍ 1449ൽ നിർമിച്ച ഒരു പുരാതന ക്രൈസ്തവ ദേവാലയത്തിന്റെ അൾത്താര ചിത്രങ്ങൾ ചെയ്യാൻ അദ്ദേഹം പ്രമോദിനെ ഏൽപിക്കുന്നത്. 5 നൂറ്റാണ്ടു മുൻപുള്ള ചിത്രങ്ങൾ അതേ പ്രകൃതി നിറങ്ങൾ തന്നെ ഉപയോഗിച്ച് 40 ദിവസം കൊണ്ട് വലിയ ലെൻസിൽ കൂടി പഴയ ചിത്രങ്ങളുടെ രേഖകൾ കണ്ടെത്തി വരച്ചു.
യേശുവിന്റെ ജനനം, സെന്റ് ജോർജ്, ക്രൂശിതനായ ക്രിസ്തു, ദിവ്യന്മാർ, മാലാഖമാർ.... ഭിത്തിയിൽ വരകൾ തെളിഞ്ഞുകൊണ്ടേയിരുന്നു. സന്ധ്യയിൽ ജപമാല കേട്ടു വരയ്ക്കുമ്പോൾ ചിത്രങ്ങൾക്ക് ജീവൻ വയ്ക്കുകയായിരുന്നുവെന്ന് പ്രമോദ് പറയുന്നു. അന്ന് അൾത്താരയിൽ വരച്ച ചിത്രങ്ങളാണ് തന്റെ തലവര തെളിച്ചതെന്ന് ഇന്നും പ്രമോദ് പറയുന്നു.
കണ്ടംപററി, എക്സ്പ്രഷണിസ്റ്റ് മേഖലകളിലും പ്രമോദ് സജീവമാണ്. ലളിതകലാ അക്കാദമി, കൊച്ചി ദർബാർ ഹാൾ, ആലപ്പുഴ എന്നിവിടങ്ങളിൽ ചിത്രപ്രദർശനങ്ങളും നടത്തി.നാട്ടിൽ ചിത്രവിദ്യ എന്ന ആർട്ട് സ്കൂളും ആർട്ടിസ്റ്റ് സ്റ്റുഡിയോയും തുടങ്ങി. സ്വാതന്ത്ര്യ സമരത്തിലും അതിനോടനുബന്ധിച്ച് നടന്ന വൈക്കം സത്യാഗ്രഹത്തിലും പങ്കെടുത്തു രക്തസാക്ഷിയായ ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ ചിത്രങ്ങള്‍ കെപിസിസിയുടെ ആവശ്യപ്രകാരം വരച്ചു നൽകിയതും പ്രമോദാണ്.