കിണറ്റിൽ വീണ കാട്ടുപന്നികളെ കരയ്ക്കെത്തിച്ച് നാട്ടിലെ ജനകീയ സുരക്ഷാ പ്രവർത്തകൻ
Mail This Article
അടൂർ ∙ കിണറ്റിൽ വീണ കാട്ടുപന്നികളെ രക്ഷപ്പെടുത്തി നാട്ടിലെ ജനകീയ സുരക്ഷാ പ്രവർത്തകൻ. കരുവാറ്റ പ്ലാവിളത്തറ ഭാഗത്തെ ഉപയോഗിക്കാത്ത കിണറ്റിലാണ് 3 കാട്ടുപന്നികൾ അകപ്പെട്ടത്. സിവിൽ ഡിഫൻസ് അംഗം കിണറ്റിലിറങ്ങി കരയ്ക്കെത്തിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് അഴിച്ചു വിട്ടു.
പ്ലാവിളത്തറ അബിഭവനിൽ ഷെല്ലിയുടെ വീട്ടിലെ ഉപയോഗിക്കാതെ കിടക്കുന്ന കിണറ്റിലാണ് വെള്ളിയാഴ്ച രാത്രി ഒരു വലിയ പന്നിയും രണ്ടു കുഞ്ഞുങ്ങളും അകപ്പെട്ടത്. അയൽപ്പക്കത്തെ വീടിന് സമീപത്തെത്തിയ പന്നികളെ വീട്ടുകാർ ഓടിച്ചു വിട്ടപ്പോഴാണ് കിണറ്റിൽ അകപ്പെട്ടത്.
ഇന്നലെ രാവിലെ ഷെല്ലി വിവരം കൗൺസിലർ അനു വസന്തനെ അറിയിച്ചു. തുടർന്ന് കൗൺസിലർ അഗ്നിരക്ഷാസേനയുടെയും വനംവകുപ്പിന്റെയും ശ്രദ്ധയിൽപെടുത്തി. ലൈസൻസുള്ള ഷൂട്ടർ വന്നു വെടിവച്ചു കൊല്ലുമെന്നു പറഞ്ഞെങ്കിലും അടൂർ നഗരസഭയിൽ ലൈസൻസുള്ള ഷൂട്ടർമാർ ഇല്ലാത്തതിനാൽ വനംവകുപ്പ് കയ്യൊഴിഞ്ഞു.
പിന്നീട് പ്ലാവളിത്തറ ഭാഗത്തുള്ള സിവിൽ ഡിഫൻസ് അംഗം സജി ഡേവിഡ് കിണറ്റിലിറങ്ങി നാട്ടുകാരുടെ സഹായത്തോടെ കയറിൽ കുരുക്കിട്ടുകെട്ടി 3 പന്നികളെയും കരയ്ക്കെത്തിച്ചു.വനംവകുപ്പ് കൊണ്ടുപോകാത്ത സാഹചര്യത്തിൽ ആളൊഴിഞ്ഞ ഭാഗത്തേക്ക് അഴിച്ചു വിട്ടു. കരുവാറ്റ പ്ലാവിളത്തറ ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്.
c