അപകടഭീഷണിയായി റോഡിലെ കുഴികൾ
Mail This Article
ചൂരക്കോട് ∙ ജലജീവൻ പദ്ധതിയുടെ പൈപ്പിടാൻ വടക്കടത്തുകാവ്–ഐവർകാല റോഡിന്റെ വശങ്ങളിൽ എടുത്ത കുഴി ദുരിതമാകുന്നു. കുഴി വേണ്ടപോലെ നികത്താത്തതിനാൽ മണ്ണ് മഴയിൽ ഒലിച്ചിറങ്ങി ചെളിക്കുളമായി. ചൂരക്കോട് എണ്ണയ്ക്കാട്ടുപ്പടി ഭാഗത്തു കൂടി സഞ്ചരിക്കാൻ പറ്റാത്ത വിധം റോഡ് കുളമായി. ഇവിടെ ഇരുചക്രവാഹനങ്ങൾ മറിയുകയാണ്. കഴിഞ്ഞ ദിവസം പത്ര ഏജന്റിന്റെ സ്കൂട്ടർ മറിഞ്ഞ് അപകടത്തിൽപെട്ടിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 3 ബൈക്കുകളും ഇവിടെ മറിഞ്ഞു.
മഴയില്ലാത്ത സമയത്താണ് ഇവിടെ പൈപ്പിടാനായി കുഴി എടുത്തത്. എന്നാൽ പൈപ്പ് ഇട്ടതിനു ശേഷം കുഴിയിൽ മണ്ണ് വെറുതേ നീക്കിയിട്ട് കൂന കൂട്ടിയിട്ടു പോവുകയായിരുന്നു. അതു മഴയിൽ റോഡിലേക്ക് ഒലിച്ചിറങ്ങിയാണു ചെളിയായത്. ചില ഭാഗങ്ങളിൽ വെള്ളക്കെട്ടുമുണ്ട്. വീടുകളിലേക്ക് പൈപ്പ് കണക്‌ഷൻ നൽകുന്നതിനായി റോഡിന്റെ നടുക്ക് എടുത്ത കുഴിയും ശരിയായി മൂടാത്തതിനാൽ ആ കുഴികളും മഴയിൽ വലിയ കുഴികളായി രൂപപ്പെട്ടു. പഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ പൈപ്പ് ഇട്ട ശേഷം കുഴി മൂടി കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ വടക്കടത്തുകാവ്–ഐവർകാല റോഡിലടക്കം കൂടുതൽ റോഡുകളിലേയും കുഴികൾ അടയ്ക്കാനുള്ള നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല.