ADVERTISEMENT

പത്തനംതിട്ട ∙ വിലക്കയറ്റം സാധാരണക്കാരന്റെ നടുവൊടിക്കുകയാണ്. പച്ചക്കറിയുടെയും മറ്റും വിലക്കയറ്റം ആകാശത്താണ്. മീനിന്റെയും ഇറച്ചിയുടെയും വിലയും കുതിച്ചുയർന്നതോടെ സാധാരണക്കാരും ഹോട്ടൽ നടത്തിപ്പുകാരും വലിയ പ്രതിസന്ധിയിലായി. ഹോട്ടൽ വിഭവങ്ങൾക്ക് വില വർധിപ്പിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം കൊച്ചിയിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പറഞ്ഞിരുന്നു. സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നതാണ് കഴിഞ്ഞ 2 മാസത്തിനിടെയുണ്ടായ വില വർധന. 

∙ പച്ചമുളകിന് 130 രൂപയും, ബീൻസിന് 200 രൂപയുമാണ് ഇന്നലെ വില.  വേനൽക്കാലത്തിന് ശേഷം പെട്ടന്നുണ്ടായ മഴക്കെടുതിയാണ് പച്ചക്കറി വിലവർധനയ്ക്കു കാരണം. ബീൻസ്, പച്ചമുളക് തുടങ്ങിയവയ്ക്കാണ്  ഇപ്പോൾ മാർക്കറ്റിൽ  ഏറ്റവും ഉയർന്ന നിരക്ക്. തമിഴ്നാട്, ആന്ധ്ര, കർണാടക, കോയമ്പത്തൂർ, കമ്പം, മേട്ടുപ്പാളയം എന്നീ സ്ഥലങ്ങളിൽ നിന്നാണ് മാർക്കറ്റിലേക്ക് ആവശ്യമായ പച്ചക്കറികൾ എത്തുന്നത്.  

ഇവിടങ്ങളിലുണ്ടായ അപ്രതീക്ഷിതമായ മഴയാണ് മാർക്കറ്റിലേക്കുളള പച്ചക്കറികളുടെ വരവ് കുറഞ്ഞതിനും വില വർധിച്ചതിനും കാരണം. പച്ചമുളകിന് 100–150 രൂപ വരെയും,  ബീൻസിന് 100– 220 രൂപ വരെയും എത്തിയെന്നു വ്യാപാരികൾ പറയുന്നു. പച്ചമുളകിന് ഈ ആഴ്ചയാണ് ഏറ്റവും ഉയർന്ന നിരക്ക്. നീണ്ട മുളക് 100 രൂപയ്ക്കും, ഉണ്ട മുളക് 140 രൂപയ്ക്കും വിൽക്കുന്നു. പയറിന് മാത്രം വിലയിൽ നേരിയ കുറവുണ്ട്. പാവയ്ക്ക, വെണ്ടയ്ക്ക, സവാള, പയർ തുടങ്ങിയവയ്ക്കെല്ലാം സാധാരണ നിരക്ക് തന്നെ. വില വർധിച്ചത് കാരണം വാങ്ങാൻ എത്തുന്ന ആളുകളുടെ എണ്ണവും കുറഞ്ഞതായി  പറയുന്നു. അടുത്ത ആഴ്ച വിലകുറയുമെന്നും പ്രതീക്ഷിക്കുന്നു.

പറന്ന് കോഴി വില
ഏകദേശം ഒരു മാസത്തോളമായി പക്ഷിപ്പനിയുടെ മുന്നറിയിപ്പുകൾ വന്നത് താറാവ് വിപണിയെ സാരമായി ബാധിച്ചു. ഏപ്രിൽ തുടക്കത്തിൽ ശരാശരി 135 രൂപ കിലോയ്ക്ക് വിലയുണ്ടായിരുന്ന കോഴിക്ക് ഇന്നലെ വില 170 ആണ്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ശേഷവും 35 രൂപയോളമാണ് കോഴിക്ക് വില കൂടിയത്. വേനലിൽ തമിഴ്നാട്ടിൽ ഉൽപാദനം കുറഞ്ഞതാണു കാരണമായി പറയുന്നത്. 

∙ ഈസ്റ്റർ സമയത്ത് കിലോയ്ക്ക് 400 രൂപ വിലയുണ്ടായിരുന്ന പോത്തിറച്ചിക്ക് പിന്നെ 20 രൂപ കൂടി വർധിച്ചു. കോട്ടയം ജില്ലയുടെ അതിർത്തിയിലെ ചില സ്ഥലങ്ങളിൽ 380 രൂപയ്ക്കും ഇറച്ചി ലഭിക്കുന്നുണ്ട്. എന്നാൽ കർണാടകയിൽ നിന്നുള്ള പോത്തുകൾ വരുന്നത് കുറഞ്ഞെന്ന് വിൽപനക്കാർ പറയുന്നു. കയറ്റുമതിക്കു ഡിമാൻഡ് കൂടിയതോടെ ഇവിടേക്കുള്ള വരവ് കുറഞ്ഞു. 

പന്നിയിറച്ചിക്ക് 300 രൂപയിൽ നിന്ന് ഒന്നര മാസത്തിനിടെ 360 രൂപയോളമായി. ആട്ടിറച്ചിക്ക് വീടുകളിലേക്ക് ആവശ്യക്കാർ കുറവാണ്. ഹോട്ടലുകളിലും കല്യാണ ആവശ്യങ്ങൾക്കുമാണ് കൂടുതൽ വേണ്ടത്. ആടിന് ചില്ലറ വിൽപനയിൽ 900 രൂപ വരെ വിലയെത്തി.  കിലോയ്ക്ക് 250 രൂപയിൽ താഴെയുണ്ടായിരുന്ന കേര മീനിന് 300 കടന്നു. വറ്റയ്ക്ക് 750 രൂപയാണ്. മത്തി, അയല കിലോയ്ക്ക് 250 രൂപയോളമാണു വില. ട്രോളിങ് നിരോധനം വരും മുൻപ് ഇതാണ് വിലയെങ്കിൽ അടുത്ത ദിവസങ്ങളിൽ ഇനിയും വില കൂടാനാണു സാധ്യത. 

ഇന്നലത്തെ വില
ചുവന്നുളളി –         220 കിലോ
പച്ചമുളക്  –            110   കിലോ
ഇ‍‍‍ഞ്ചി –                    180 കിലോ
വെളളരിയ്ക്ക –    40 – 50രൂപ
വെണ്ടയ്ക്ക –        30– 40രൂപ
തക്കാളിപ്പഴം –       40 – 60 രൂപ    

കഴിഞ്ഞ 3 വർഷമായി ഹോട്ടലുകളിൽ ഭക്ഷണത്തിനു വില വർധിപ്പിച്ചിട്ടില്ല. പച്ചക്കറി വിലയിൽ 50 % മുതൽ 100 % വരെ വർധനവുണ്ടായി. മത്സ്യത്തിനും മാംസത്തിനും മുട്ടയ്ക്കും ഒരേ പോലെ വില കൂടി. 90 രൂപയുണ്ടായിരുന്ന കോഴി വില 170ലെത്തി. ബീൻസ് വില 200ലെത്തി. കച്ചവടം കുറഞ്ഞതിനാൽ ഇടത്തരം ഹോട്ടലുകൾ പ്രതിസന്ധിയിലാണ്. വരുമാനം പൂർണമായും സാധനങ്ങൾ വാങ്ങാനും ജീവനക്കാരുടെ ശമ്പളത്തിനും ചെലവാക്കേണ്ടി വരുന്നു. വിലയിൽ ഇത്ര വർധനവുണ്ടാകാതിരിക്കാൻ സർക്കാർ ഇടപെടൽ നടത്തണം. 

പച്ചക്കറികൾക്ക് തീപിടിച്ച വിലയായത് കാരണം കച്ചവടം വളരെ കുറവാണ്. 100, 150 രൂപയുടെ കിറ്റുകൾ ഇപ്പോൾ 200 രൂപയ്ക്ക് പോലും വിൽക്കാൻ കഴിയുന്നില്ല. ഇതു മൂലം തൂക്കി വിൽക്കാൻ മാത്രമേ കഴിയൂ. സാധനങ്ങൾ കൂടുതലായി ഇറക്കി വയ്ക്കുന്നില്ല. കൂടാതെ സാധനങ്ങൾ വരുന്നതിനും നിയന്ത്രണമുണ്ട്. 10 കിലോ വന്നിരുന്ന സ്ഥലത്ത് ഇപ്പോൾ 3, 5 കിലോ മാത്രമാണ് എത്തുന്നത്. പച്ചമുളകിന് കിലോയ്ക്ക് 107 രൂപ വരെയായി. ബീൻസിന് 185 രൂപയാണ്. ഇങ്ങനെ വിലക്കൂടുതൽ വന്നതോടെ ആളുകൾ സാധനങ്ങൾ വാങ്ങാതായി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com