പകൽ നേരവും കാട്ടുപന്നി വിളയാട്ടം

Mail This Article
കിളിവയൽ ∙ ഗ്രാമീണ പ്രദേശങ്ങളിൽ പകൽ നേരവും കാട്ടുപന്നിയുടെ സാന്നിധ്യം നാട്ടുകാരിൽ ഭീതിയുണ്ടാക്കുന്നു. ഇന്നലെ രാവിലെ ഒൻപതിന് മർത്തശ്മൂനി ഓർത്തഡോക്സ് പള്ളിയിൽ ആരാധന സമയത്ത് ഉള്ളിൽ കയറിയ പന്നിയുടെ ആക്രമണത്തിൽ യുവതിക്ക് നിസ്സാര പരുക്കേറ്റു. മുൻപ് കൃഷിയിടങ്ങളിൽ മാത്രമായിരുന്നു പന്നിശല്യം. ഇപ്പോൾ വഴി നടക്കാൻ പറ്റാത്ത സാഹചര്യമാണെന്നും പള്ളിക്കു സമീപം താമസിക്കുന്ന രാജൻ പറഞ്ഞു.
ഒറ്റതിരിഞ്ഞെത്തുന്ന വളർച്ചയെത്തിയ പന്നികളാണ് ആക്രമണകാരിളാകുന്നത്. പ്രദേശത്തെ കുറ്റിക്കാടുകളാണ് പന്നികളുടെ താവളം. സന്ധ്യാ നേരത്താണ് പന്നികൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത്. പറമ്പുകളിലെ കാർഷിക വിളകൾ ലക്ഷ്യമിട്ടെത്തുന്ന ഇവ കാൽനടയാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്. കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിന് സത്വര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.