റോഡിൽ കാട്ടുപന്നിക്കൂട്ടം; അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് യാത്രികർ

Mail This Article
പെരുമ്പെട്ടി ∙കാട്ടുപന്നിക്കൂട്ടം പാതയ്ക്കു കുറുകെ ചാടി ഇരുചക്രവാഹന യാത്രികൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ അഞ്ചുമണിയോടെ കരിയംപ്ലാവ് റോഡിൽ താഴെ ചുട്ടുമൺ ജംക്‌ഷന് സമീപമായിരുന്നു സംഭവം. ടാപ്പിങ് തൊഴിലാളിയായ വാഹന യാത്രികന്റെ മുൻപിലേക്ക് കാട്ടുപന്നിക്കൂട്ടം പാതയിലേക്ക് ചാടുകയായിരുന്നു. പന്നിക്കൂട്ടത്തെ വാഹനം ഇടിക്കാത്തതിനാൽ അപകടം വഴിമാറി. പിന്നാലെ എത്തിയ കാർ യാത്രികരാണ് പന്നിക്കൂട്ടത്തിന്റെ കടന്നുവരവ് പകർത്തിയത്. മഴ ശക്തമായതോടെ വനാതിർത്തിയോടു ചേർന്ന പാതകളിൽ രാപകൽ ഭേദമെന്യേ ഇവയുടെ കടന്നുകയറ്റം വർധിക്കുകയാണ്. ഇന്നലെ രാത്രി തൂങ്ങുപല, ഉന്നത്തോലി, മുത്വപട്ട, കുരട്ടിപ്പട്ട മേഖലയിൽ ഇടവിട്ട സമയങ്ങളിൽ കുറുക്കന്റെയും കുറുനരിയുടെയും ശക്തമായ ഓലിയിടൽ മുഴങ്ങിയതായി നാട്ടുകാർ പറഞ്ഞു. പന്നിയുടെ കുഞ്ഞുങ്ങളെ ഇവ ഭക്ഷിക്കാൻ എത്തിയതിനെ തുടർന്ന് പ്രാണരക്ഷാർഥമുള്ള ഇവയുടെ പാലായനമായിരിക്കും പന്നിക്കൂട്ടം പാതകളിൽ അനുദിനം കണ്ടു വരുന്നതിന് പിന്നിലെന്നാണു കർഷകർ പറയുന്നത്.