പന്തളം സ്വകാര്യ ബസ് സ്റ്റാൻഡ് നിർമാണം ഇഴയുന്നു; നിർമാണോദ്ഘാടനം കഴിഞ്ഞിട്ട് 10 മാസം, കലുങ്ക് നിർമാണമടക്കം ബാക്കി

Mail This Article
പന്തളം ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറുന്ന മുറയ്ക്ക് പുതിയ സ്വകാര്യ ബസ് സ്റ്റാൻഡ് തുറക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി. ഇനിയും നിർമാണ ജോലികൾ ശേഷിക്കുന്നതാണ് കാരണം. ഇതിൽ കലുങ്ക് നിർമാണമാണ് പ്രധാനം. പെരുമാറ്റച്ചട്ടം മാറി ഒരാഴ്ച പിന്നിട്ടിട്ടും ഈ ജോലികൾ തുടങ്ങിയില്ല. സ്റ്റാൻഡിന്റെ മൈതാനം വൃത്തിയാക്കുന്ന ജോലികൾ നടക്കുന്നുണ്ട്. സ്റ്റാൻഡിനുള്ളിലെ പേരാലിന് ചുറ്റും സംരക്ഷണഭിത്തി നിർമിച്ചില്ല. കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായി. ഇരിപ്പിടങ്ങളും നിർമിച്ചു. സ്റ്റാളുകളിൽ 4 മുറികൾ കടമുറികളാക്കാനാണ് തീരുമാനം.
ഇതിന്റെ എതിർവശത്തെ പഴയ കെട്ടിടം അറ്റകുറ്റപ്പണി നടത്താനുണ്ട്. സ്റ്റാൻഡിൽ പൊക്കവിളക്ക് നേരത്തെ സ്ഥാപിച്ചിരുന്നു. ശുചിമുറി ബ്ലോക്കിന്റെ അറ്റകുറ്റപ്പണിയും നടത്തി. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വഴികളും മൈതാനവും കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. പ്രധാന ജോലികളെല്ലാം പൂർത്തിയായിട്ടും ശേഷിക്കുന്ന നടപടികൾ വൈകുകയാണ്. സ്റ്റാൻഡ് മാറ്റത്തിന് മോട്ടർ വാഹനവകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല.
അടുത്ത ആർടി യോഗത്തിൽ ഇത് പരിഗണിക്കും. വകുപ്പിന്റെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു പരിശോധന നടത്തി. സ്ഥലം പര്യാപ്തമാണെന്നും മറ്റ് തടസ്സങ്ങളില്ലെന്നുമാണ് അവരുടെ വിലയിരുത്തൽ. അനുമതി ലഭിച്ച ശേഷം ഓട്ടോ സ്റ്റാൻഡ് പുനഃക്രമീകരണം അടക്കം ജോലികളും അവശേഷിക്കുന്നുണ്ട്. ഓഗസ്റ്റ് 17നായിരുന്നു പദ്ധതിയുടെ നിർമാണോദ്ഘാടനം. ഇപ്പോൾ 10 മാസം പിന്നിട്ടു. സർക്കാർ, നഗരസഭ വിഹിതം ഉൾപ്പടെ 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അതേസമയം, കലുങ്ക് നിർമാണത്തിനുള്ള ടെൻഡർ നടപടികളായെന്നും വൈകാതെ സ്റ്റാൻഡ് പ്രവർത്തനക്ഷമമാകുമെന്നും അധികൃതർ പറഞ്ഞു.