തമ്പടിച്ച് തെരുവുനായ്ക്കൾ; മണക്കാല ചിറ്റാണിമുക്ക് റോഡ് അപകടവഴി

Mail This Article
മണക്കാല∙ തെരുവുനായ്ക്കൾ തമ്പടിക്കുന്നതിനാൽ മണക്കാല–ചിറ്റാണിമുക്ക് റോഡിലൂടെയുള്ള രാത്രി സഞ്ചാരം അപകടം നിറഞ്ഞതായി. ഈ റോഡിൽ മണക്കാല പോളിടെക്നിക് കോളജിനു മുൻപിലും ജനശക്തിനഗറിലും വായനശാല ജംക്‌ഷനിലും ചിറ്റാണിമുക്കിലുമാണു നായ്ക്കൾ രാത്രിയിൽ തമ്പടിക്കുന്നത്. റോഡിനു നടുക്കായി നായ്ക്കൾ കൂട്ടമായി കിടക്കുന്നതിനാൽ ഇരുചക്ര യാത്രികർക്കാണ് ഏറെ ദുരിതം. റോഡിൽ ഇരുട്ടുള്ള ഭാഗത്തു കിടക്കുന്നതിനാൽ നായ്ക്കളെ രാത്രിയിൽ കാണാനും കഴിയില്ല. അടുത്തു വരുമ്പോൾ മാത്രമാണു കാണാൻ കഴിയുന്നത്. അപ്പോഴേക്കും നായ്ക്കൾ ഇരുവശങ്ങളിലേക്കും ചിതറി ഓടുന്നതിനാൽ ഇരുചക്ര സഞ്ചാരികൾ പെട്ടെന്നു ബ്രേക്കിടുമ്പോൾ അപകടത്തിൽപ്പെടുകയാണ്.
ഈ റൂട്ടിൽ നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നായ്ക്കൾ അക്രമകാരികളാകുകയും ചെയ്യുന്നുണ്ട്. യാത്രക്കാർക്കു നേരെ കുരച്ചു ചാടുന്നതും വാഹനങ്ങൾക്കു പിന്നാലെ ഓടുന്നതും പതിവാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ പോളിടെക്നിക് കോളജിന്റെ മുൻപിലായി പൂച്ചയെ നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു കടിച്ചു കൊന്നിരുന്നു. ഇതോടെ ഇതുവഴി പോകുന്ന യാത്രക്കാർ ആകെ ഭീതിയിലായിരിക്കുകയാണ്. നായ്ക്കളെ ഇവിടെ നിന്നു തുരത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒട്ടേറെ തവണ പരാതിപ്പെട്ടതാണ്. പക്ഷെ പഞ്ചായത്ത് അധികൃതർ അനങ്ങാത്തതിനാൽ ഇതുവഴി രാത്രിയിൽ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായി.