ADVERTISEMENT

റാന്നി ∙ കോന്നി–പ്ലാച്ചേരി പാതയുടെ പണിക്കിടെ ചെല്ലക്കാട് ജംക്‌ഷനിലെ വയലിൽ തള്ളിയ മണ്ണു മലയ്ക്ക് ആർക്കാണ് ഉത്തരവാദിത്വം? മണ്ണു നിരത്തുമെന്നും നീക്കുമെന്നുമൊക്കെ പാതയുടെ നിർമാണ സമയത്തു പറഞ്ഞതല്ലാതെ കരാർ കമ്പനിയും കെഎസ്ടിപിയും ഇപ്പോൾ അനങ്ങുന്നില്ല. ജനവാസ കേന്ദ്രത്തിലെ കുട്ടിവനം ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് വകുപ്പു മന്ത്രിക്കു പരാതി നൽകാനാണ് സമീപവാസികളുടെ തീരുമാനം.  പാത വീതി കൂട്ടി പണിയുന്നതിനായി കെഎസ്ടിപി വിലയ്ക്കെടുത്ത സ്ഥലമാണിത്. 2 പേരുടെ ഉടമസ്ഥതയിലായിരുന്ന സ്ഥലം ലക്ഷങ്ങൾ ചെലവഴിച്ചാണ് കെഎസ്ടിപി വിലയ്ക്കെടുത്തത്.

ചെല്ലക്കാട് കൊടുംവളവ് ഒഴിവാക്കി പാത നേരെയാക്കാൻ ഉപയോഗിച്ച വയലിന്റെ ബാക്കി സ്ഥലമാണ് കരാർ കമ്പനി യാഡാക്കി മാറ്റിയത്.  കോന്നിക്കും പ്ലാച്ചേരിക്കും ഇടയിൽ 10 സ്ഥലങ്ങൾ യാഡായി ഏറ്റെടുത്തിട്ടുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ കെഎസ്ടിപി അറിയിച്ചിരുന്നു. പാതയുടെ പണിക്കു ശേഷം യാഡിലെ മണ്ണു നീക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇതു സംബന്ധിച്ച് ഭൂഉടമകളുമായി ഉടമ്പടിയൊന്നും വെച്ചിരുന്നില്ലെന്നാണ് ഇപ്പോൾ കെഎസ്ടിപി ഉയർത്തുന്ന വാദം.  ചെല്ലക്കാടും ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനോടു ചേർന്നും നിക്ഷേപിച്ച മണ്ണൊഴികെ ബാക്കിയെല്ലായിടത്തും ഉടമകൾ വയലും താഴ്ന്ന പ്രദേശങ്ങളും നികത്തിയെടുക്കാൻ മണ്ണ് ഉപയോഗിച്ചു. 

ലോഡ് കണക്കിനു കല്ലും മണ്ണും ചെല്ലക്കാട് കിടപ്പുണ്ട്. വയലിൽ നിന്ന് നൂറടിയോളം ഉയരത്തിലാണ് മണ്ണുക്കൂന രൂപപ്പെട്ടിരിക്കുന്നത്. കാടും പടലും മരങ്ങളും മണ്ണിൽ വളരുകയാണ്. കെഎസ്ടിപി വക വനമായി ഇതു മാറുകയാണ്. ഇഴജന്തുക്കളും കാട്ടുപന്നിയും കുറുക്കനുമൊക്കെ ഇതിൽ വാസമുണ്ടെന്ന് സമീപവാസികൾ പറയുന്നു. കൂനയായി കിടക്കുന്ന മണ്ണ് നിരപ്പാക്കിയാൽ പാർ‌ക്കിങ് ഗ്രൗണ്ടായി ഇതു പ്രയോജനപ്പെടുത്താം. പുനലൂർ–മൂവാറ്റുപുഴ പാത ഉന്നത നിലവാരത്തിൽ വികസിപ്പിച്ച ശേഷം വൻതോതിൽ ചരക്കു വാഹനങ്ങൾ ഇതിലെ ഓടുന്നുണ്ട്. അവയ്ക്കു പാർക്കിങ് നടത്താനിടമില്ല. കൂടാതെ യുവാക്കൾക്കു കളിക്കളമായും ഇത് ഉപയോഗിക്കാം. പിഡബ്ല്യുഡി ഇടപെട്ട് ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമീപവാസികൾ മന്ത്രിയെ സമീപിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com