പത്തനംതിട്ട ജനറൽ ആശുപത്രി ‘സുരക്ഷിതമായി’ സൂക്ഷിച്ചു; മഴയേറ്റു നശിച്ച് ക്ലോറിൻ പാക്കറ്റുകൾ

Mail This Article
പത്തനംതിട്ട∙ ജനറൽ ആശുപത്രിയിൽ കുന്നുകൂട്ടിയിട്ടിരിക്കുന്ന ക്ലോറിൻ പായ്ക്കറ്റുകൾ മഴയേറ്റു നശിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു സമീപത്ത് പ്രവർത്തിക്കുന്ന ഒപി കൗണ്ടറിനു സമീപം ഉള്ള ചെറിയ റൂമിൽ സൂക്ഷിച്ച ക്ലോറിനാണ് തുറന്നു കിടക്കുന്ന വാതിലിലും ജനലുകളിലും കൂടി മഴവെള്ളം അകത്തുവീണു നശിക്കുന്നത്. പൊട്ടിയ പാക്കറ്റുകളിൽ നിന്നുള്ള ക്ലോറിൻ കെട്ടിടത്തിന്റെ പടിയിലും താഴെയുമായി വീണു കിടക്കുന്നുണ്ട്.
വർഷങ്ങൾക്കു മുൻപ് പ്രവേശന കവാടമായി ഉപയോഗിച്ചിരുന്ന ഭാഗത്ത് സുരക്ഷാ ജീവനക്കാർക്ക് വിശ്രമിക്കാൻ വേണ്ടി നിർമിച്ച ചെറിയ മുറിയിലാണ് ഈ അണുനാശിനി കൂട്ടിയിട്ടിരിക്കുന്നത്.മാസങ്ങൾക്ക് മുൻപ് ചില ഗോഡൗണുകളിൽ ക്ലോറിന് തീ പിടിച്ച് വലിയ നാശനഷ്ടം ഉണ്ടായത് വിവാദമായിരുന്നു.അന്ന് വാങ്ങി വച്ച ബാച്ചിലെ ക്ലോറിൻ ഉപയോഗിക്കരുതെന്നും സുരക്ഷിതമായ ഭാഗത്തേക്ക് മാറ്റി സൂക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരുന്നു.
അങ്ങനെ നീക്കി വച്ച അണുനാശിനിയാണു പുതിയ ഒപി ബ്ലോക്ക് നിർമാണത്തിന്റെ ഭാഗമായി കെട്ടിടം പൊളിച്ചപ്പോൾ ഇവിടേക്കു മാറ്റിയത്. ഇത് വിതരണം ചെയ്യാൻ അധികൃതർ നിർദേശം നൽകിയതിനാൽ ആവശ്യക്കാർക്ക് ഇതു നൽകുന്നുണ്ട്. എന്നാൽ പൊട്ടിയും നനഞ്ഞും കിടക്കുന്ന പാക്കറ്റുകൾ ആർക്കും വേണ്ടാത്ത അവസ്ഥയാണ് ഉള്ളത്.