'ഭൂപടമല്ല'; അറ്റകുറ്റപ്പണിയില്ല, പന്നായി–തേവേരി റോഡ് തകർന്നടിഞ്ഞു

Mail This Article
കടപ്ര∙ ഇത് ഏതെങ്കിലും രാജ്യത്തിന്റെ ഭൂപടമാണ് എന്ന് തെറ്റിദ്ധരിക്കരുത്. കടപ്ര പഞ്ചായത്തിലെ 11,12,13 വാർഡുകളിലൂടെ കടന്നു പോകുന്ന പന്നായി- തേവേരി റോഡിന്റെ നേർ ചിത്രമാണിത്. പരിചയം ഇല്ലാത്ത ആർക്കും ഇതു റോഡാണെന്നു തിരിച്ചറിയാൻപോലും പറ്റണമെന്നില്ല. പരിചയമുള്ളവർക്ക് അറിയാം, കുഴിയെവിടെ വഴിയെവിടെ എന്ന്. കാരണം അവർക്ക് ഈ സർക്കസ് നിത്യജീവിത്തിന്റെ ഭാഗമാണ്.ഏറെ ശ്രദ്ധിച്ചു വാഹനം ഓടിച്ചാൽ കുഴിയിൽച്ചാടും. റോഡ് തകർന്ന കുഴിയാണോ അതോ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴിയാണോ എന്നതുമാത്രമാണു ചോദ്യം.
പൊതു മരാമത്ത് വകുപ്പിന്റെ പൊട്ടിപ്പൊളിഞ്ഞ ഈ റോഡിന് 6.4 കിലോമീറ്റർ നീളമുണ്ട്.ജലജീവൻ മിഷന്റെ പൈപ്പ് ഇടുന്നതിനായി റോഡിന്റെ ഒരു വശത്ത് കുഴി എടുത്തതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിച്ചു. പൈപ്പ് ഇട്ട് കുഴി മൂടി. എന്നാൽ മെറ്റൽ ഇടാതെ ഉള്ള കുഴി മൂടൽ കാരണം വാഹനങ്ങൾ കുഴിയിൽ വീണ് താഴുന്നു. ചെളിക്കുളമായതിനാൽ പുറത്തേക്കു നീക്കാൻ ശ്രമിക്കുന്തോറും ചെളിയിൽക്കുടുങ്ങും. പിന്നീട് മണ്ണുമാന്തി കൊണ്ടുവന്നാണു വാഹനങ്ങൾ കുഴിയിൽ നിന്നു കയറ്റുന്നത്.വീതി കുറഞ്ഞ റോഡിൽ രണ്ട് വാഹനങ്ങൾ ഒരേ സമയം കടന്നു പോകുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്.
എല്ലാ ബജറ്റിലും തുക
എല്ലാ വർഷവും സംസ്ഥാന ബജറ്റിൽ റോഡിന്റെ നവീകരണത്തിനായി തുക വകയിരുത്തുന്നുണ്ട്. കഴിഞ്ഞ ബജറ്റിൽ 9.5 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല എന്ന് കടപ്ര പഞ്ചായത്ത് അംഗം ജയിംസ് കുരുവിള .
സർവീസിനില്ലെന്ന് ബസുകൾ
സ്വകാര്യ ബസുകൾ റോഡിൽ താഴ്ന്ന് പോകുന്നതിനാൽ ഇതു വഴിയുള്ള സർവീസുകൾ മുടങ്ങുന്നു.സ്കൂൾ ബസുകളും ഇതുവഴി വരാൻ ബുദ്ധിമുട്ടാണ് എന്നാണ് രക്ഷിതാക്കളെ അറിയിച്ചിരിക്കുന്നത്. ഇത് കുട്ടികളുടെ പഠനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. റോഡ് അടിയന്തരമായി ടാറിങ് നടത്തി നവീകരിച്ചില്ല എങ്കിൽ ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾ സ്വീകരിക്കും എന്ന് നാട്ടുകാർ പറഞ്ഞു.