ADVERTISEMENT

പൂവന്മല ∙ നിശ്ചയിച്ച നീളം കുറച്ച് കരാർ ചെയ്തിട്ടും റോഡിന്റെ നവീകരണം തുടങ്ങിയിട്ടില്ല. പൂവന്മല–പനംപ്ലാക്കൽ റോഡാണ് നാടിനു ശാപമാകുന്നത്. അങ്ങാടി പഞ്ചായത്തിൽ ഉൾപ്പെട്ട റോഡാണിത്. റോഡിൽ ഇപ്പോൾ ടാറിന്റെ അംശം കാണാനില്ല. ടാറിങ് മിശ്രിതമെല്ലാം ഒലിച്ചു പോയി. മെറ്റലുകളാണ് ശേഷിക്കുന്നത്. ഓട്ടോറിക്ഷകൾ പോലും ഇതിലെ കടന്നു വരാൻ മടിക്കുന്നു. ഇരുചക്ര വാഹനങ്ങളിലായാൽ തെന്നി വീണ് അപകടം ഉറപ്പ്.

റീടാറിങ് നടത്താത്തതിന്റെ ദുരിതം ജനങ്ങൾ അനുഭവിക്കാൻ തുടങ്ങിയിട്ടു വർഷങ്ങൾ പിന്നിട്ടു. പനംപ്ലാക്കൽ മേഖലകളിൽ താമസിക്കുന്നവർ റാന്നി–വെണ്ണിക്കുളം റോഡിലെ പൂവന്മല ജംക്‌ഷനിലെത്തിയാണ് പുറംനാടുകളുമായി ബന്ധപ്പെടുന്നത്.റീ ബിൽഡ് കേരള പദ്ധതിയിൽ പുനരുദ്ധരിക്കാൻ ലക്ഷ്യമിട്ടതാണിത്. 1.20 കിലോമീറ്റർ നവീകരണത്തിന് 82 ലക്ഷം രൂപ അനുവദിച്ചിരുന്നു. 3 തവണ കരാർ ക്ഷണിച്ചിരുന്നു.

എന്നിട്ടും പണം കുറവാണെന്നു ചൂണ്ടിക്കാട്ടി കരാറുകാരാരും ഏറ്റെടുത്തില്ല. തുടർന്ന് നിർമാണം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. എംഎൽഎ ഫണ്ടിൽ റോഡ് നവീകരിക്കുമെന്നും പറഞ്ഞിരുന്നു. പിന്നീട് എസ്റ്റിമേറ്റിൽ പറഞ്ഞിരുന്ന ദൂരം കുറച്ച് വീണ്ടും കരാർ ക്ഷണിച്ചിരുന്നു. 4 തവണ കരാർ‌ ക്ഷണിച്ചപ്പോഴാണ് കരാറുകാരൻ പണി ഏറ്റെടുത്തത്. ഇതുവരെ പണി തുടങ്ങിയിട്ടില്ല. റോഡിന്റെ തകർച്ചയിൽ പ്രതിഷേധിച്ച് ലോക്സഭ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ചൂണ്ടിക്കാട്ടി റോഡിനു സമീപം ഫ്ലക്സ് സ്ഥാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com