ADVERTISEMENT

കൊടുമൺ ∙ ഏഴംകുളം- കൈപ്പട്ടൂർ റോഡിന്റെ പുറമ്പോക്ക് ഭാഗത്ത് സർവേ വകുപ്പ് നടത്തിയ പരിശോധനകളിൽ കയ്യേറ്റങ്ങളില്ലെന്നു കണ്ടെത്തൽ. സർവേ റിപ്പോർട്ട് ഉദ്യോഗസ്ഥർ കലക്ടർക്കു നൽകി.  മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുന്നിലെ സ്ഥലത്തും കോൺഗ്രസ് ഓഫിസ് സ്ഥിതിചെയ്യുന്ന സ്ഥലത്തുമാണ് കയ്യേറ്റങ്ങളില്ലെന്നു കണ്ടെത്തിയത്. 

 തന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്ത് പുറമ്പോക്കില്ലെന്ന് തെളിഞ്ഞതായും അധികമായി ലഭിച്ച 2 അടി സ്ഥലം റോഡിനായി നൽകുന്നെന്നും ജോർജ് ജോസഫ് പറഞ്ഞു. കൊടുമണ്ണിൽ ഓടയുടെ നിർമാണം പുറമ്പോക്കിലൂടെ വേണമെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ രൂപരേഖയിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ നിലപാടെടുത്തു.

തുടർന്നാണ് പുറമ്പോക്ക് കയ്യേറ്റം സംബന്ധിച്ച് തർക്കങ്ങളുണ്ടായത്. ഓട നിർമാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊടികുത്തിയിരുന്നു. അതേസമയം, കോൺഗ്രസ്  ഓഫിസ് പുറമ്പോക്കു കയ്യേറിയാണ് നിർമിച്ചതെന്ന് ആരോപിച്ചും സർവേ നടത്തണമെന്നാവശ്യപ്പെട്ടും ജോർജ് ജോസഫ് കലക്ടർക്കു പരാതി നൽകിയിരുന്നു.ഇന്നലെ അധികൃതർ സർവേ പൂർത്തിയാക്കിയ ശേഷം കോൺഗ്രസ് ഓഫിസ് നിൽക്കുന്ന ഒരു ഭാഗം ഇപ്പോഴും പുറമ്പോക്കിലാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കെട്ടിടത്തിന്റെ അരികിൽ തോടിനോടു ചേർന്നുള്ള ഭാഗത്ത് കൊടികുത്തി. 

കോൺഗ്രസ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ ജോർജ് ജോസഫും ഡിവൈഎഫ്ഐ പ്രവർത്തകരും നിന്ന സ്ഥലത്തു ലഡു വിതരണം ചെയ്യാൻ ശ്രമിച്ചപ്പോൾ ചെറിയ വാക്കേറ്റമുണ്ടായി. ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനമായി എത്തി കോൺഗ്രസ്​ മണ്ഡലം കമ്മിറ്റി ഓഫിസ് പുറമ്പോക്ക് സ്ഥലത്താണെന്നും​ വീണ്ടും അളക്കണമെന്നും ആവശ്യപ്പെട്ടു. കോൺഗ്രസ് ഓഫിസ് പുറമ്പോക്കിലാണെന്നും ഇതിനെതിരായ നിയമ നടപടികൾ തുടരുമെന്നും ജോർജ് ജോസഫ് ആവർത്തിച്ചു. ​ ജൂൺ 26നാണ് സർവേ തുടങ്ങിയത്. അളവുമൂലം വിവാദമായ ഓടയുടെ ഭാഗത്ത് 2 ദിവസം പണികൾ നിർത്തിവച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com