ഭീതിയിൽ താഴെ പൂച്ചക്കുളം; വനപാലകരെയും ‘തുരത്തി’ കാട്ടാന

Mail This Article
തേക്കുതോട് ∙ താഴെ പൂച്ചക്കുളത്ത് കാട്ടാന ശല്യം രൂക്ഷം. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും തുരത്താൻ ശ്രമിച്ച വനപാലകരെയും പ്രദേശവാസികളെയും കാട്ടാന ഓടിച്ചു. ഭയന്നോടിയ വനപാലകർക്കു വീണ് പരുക്കേറ്റു. ദിവസങ്ങളായി താഴെ പൂച്ചക്കുളം ശാന്തിഭവൻ ടി.സി.വാസുദേവന്റെ വീടിന് സമീപം കാട്ടാനയെത്തി നാശം വരുത്തുകയാണ്. വീടിന് സമീപമെത്തി കൃഷി നശിപ്പിക്കുന്ന കാട്ടാനയെ ഭയന്ന് സന്ധ്യ കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് വാസുദേവനും കുടുംബവും.
ശബ്ദമുണ്ടാക്കി ഓടിച്ചാലും മടങ്ങിയെത്തി കൃഷി നശിപ്പിക്കുകയാണ്.ഒരാഴ്ച മുൻപ് മേലേ പൂച്ചക്കുളത്തെ കൃഷിയിടങ്ങളിൽ എത്തി നാശം വരുത്തിയ കാട്ടാന അവിടെ നിന്ന് സൗരോർജവേലിക്ക് ഉള്ളിൽ കടന്ന് താഴെ പൂച്ചക്കുളത്ത് എത്തുകയായിരുന്നു. വാസുദേവന്റെ വീടിന് സമീപത്തും പറമ്പിലുമുള്ള കമുക് നശിപ്പിച്ച് ദിവസങ്ങളായി ചുറ്റിത്തിരിഞ്ഞ കാട്ടാന തിങ്കളാഴ്ച രാവിലെ അവിടെ നിന്ന് പൂച്ചക്കുളം റോഡിലൂടെ അര കിലോമീറ്ററോളം സഞ്ചരിച്ച് കൈനിക്കര രവീന്ദ്രന്റെ വീടിന് സമീപമെത്തി.
പ്ലാവിൽ നിന്ന് ചക്ക അടർത്തി ഭക്ഷിച്ച ശേഷം മണ്ണുങ്കൽ സുജയുടെ പറമ്പിലേക്ക് കയറി. കാട്ടാനയെ കണ്ട പ്രദേശവാസികൾ ശബ്ദമുണ്ടാക്കി തുരത്താൻ ശ്രമിച്ചതോടെ അവർക്ക് നേരെ തിരിഞ്ഞു. ഓടി മാറിയും പാറയ്ക്ക് മറഞ്ഞുമാണ് പ്രദേശവാസികൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.തിങ്കളാഴ്ച പുലർച്ചെ താഴെ പൂച്ചക്കുളം തുണ്ടുമുറിയിൽ അനീഷിന്റെ വീടിന് സമീപമെത്തി കാട്ടാന വാഴ നശിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ എത്തി പറമ്പുകളിൽ പരിശോധന നടത്തി കാട്ടാന വനത്തിലേക്ക് കടന്നതായി ഉറപ്പാക്കി. എന്നാൽ താഴെ പൂച്ചക്കുളം നിവാസികളുടെ ആശങ്കയൊഴിയുന്നില്ല. ദിവസങ്ങളോളം ജനവാസമേഖലയിൽ ചുറ്റിത്തിരിഞ്ഞ് നാശം വരുത്തിയ കാട്ടാന വീണ്ടും എത്തുമെന്ന ഭീതിയിലാണ് കുടുംബങ്ങൾ.
വനപാലകർക്കു വീണു പരുക്ക്
കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് വനപാലകർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെയാണ് താഴെ പൂച്ചക്കുളം വനത്തിന് സമീപം കാട്ടാന ഓടിച്ചത്. ഓട്ടത്തിനിടയിൽ വീണ് വനപാലകർക്ക് പരുക്കേറ്റു.സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എസ്.അജയന്റെ നേതൃത്വത്തിൽ കാട്ടാനയെ തുരത്താൻ എത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വി.ഗോപകുമാർ, കെ.എസ്.ശ്രീരാജ്, കൃഷ്ണപ്രിയ, വി.വിജി എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ആനയെ കാട്ടിലേക്ക് ഓടിക്കാനായി പടക്കം പൊട്ടിച്ചപ്പോൾ തിരിഞ്ഞ് ആക്രമിക്കാനൊരുങ്ങുകയായിരുന്നു. ഓടി മാറുമ്പോൾ വീണ് വി.ഗോപകുമാർ, എസ്.അജയൻ, വി.വിജി എന്നിവർക്ക് പരുക്കേറ്റു.താഴെ പൂച്ചക്കുളം ശാന്തിഭവൻ വാസുദേവന്റെ വീടിന് സമീപം കാട്ടാനയെത്തി നാശം വരുത്തുന്നത് അറിഞ്ഞ് എത്തിയതായിരുന്നു വനപാലകർ.