പള്ളിയിൽ മോഷണശ്രമം; കള്ളൻമാരെ നാട്ടുകാർ പിടികൂടി
Mail This Article
കുന്നന്താനം ∙ സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയിൽ മോഷണശ്രമം നടത്തിയ 2 പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.തൃക്കൊടിത്താനം കോട്ടമുറി അംബിയിൽ ദിലീപ് (42), കുറിച്ചി മലക്കുന്നം മുട്ടാണിക്കാട് വീട്ടിൽ പ്രസാദ് (54) എന്നിവരെയാണ് പിടികൂടിയത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പാഴ്സനേജ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന സൺഡേസ്കൂൾ ഓഫിസിലാണ് മോഷണശ്രമം നടന്നത്. കതകിന്റെ പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് ഉണർന്ന വികാരി വികാരി ഫാ. തോമസ് പ്ലാന്തോട്ടത്തിൽ പള്ളി ട്രസ്റ്റിയെയും നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പള്ളി ഭാരവാഹികളും നാട്ടുകാരുമെത്തി ദിലീപിനെ പിടികൂടി.
ദിലീപിനെ കാത്ത് തോട്ടപ്പടിയിൽ ഓട്ടോറിക്ഷയുമായി കിടന്നിരുന്ന പ്രസാദിനെയും പിടികൂടി കീഴ്‌വായ്പൂര് പൊലീസിൽ ഏൽപിച്ചു. കീഴ്‌വായ്പൂര് പൊലീസ് ഇൻസ്പെക്ടർ ബി. ഷെഫീക്കിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷയും പിടിച്ചെടുത്തു. സംഭവസ്ഥലത്ത് കീഴ്‌വായ്പൂര് പൊലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. 6 മാസം മുൻപും പള്ളിയിൽ മോഷണശ്രമം നടന്നിരുന്നു. കഴിഞ്ഞമാസം കുന്നന്താനം പഞ്ചായത്തിലെ വിവിധ ആരാധനാലയങ്ങളിൽ മോഷണം നടന്നിരുന്നു. ഈ മോഷണങ്ങളും ഇവരാണോ നടത്തിയതെന്നുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.