കടമ്പകളെല്ലാം കടന്ന് വയറപ്പുഴ പാലം നിർമാണത്തിന് തുടക്കം
Mail This Article
പന്തളം ∙ ഒരു വ്യാഴവട്ടക്കാലം നീണ്ട കടമ്പകളെല്ലാം കടന്ന് വയറപ്പുഴ പാലത്തിന്റെ നിർമാണജോലികൾക്ക് തുടക്കം. ഇന്നലെ പൈലിങ് തുടങ്ങി. അച്ചൻകോവിലാറ്റിൽ പന്തളം–കുളനട പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ പാലം നിർമിക്കുന്നത്. 9.35 കോടി രൂപയാണ് പദ്ധതി തുക. 2025 ഓഗസ്റ്റ് 19 വരെയാണ് നിർമാണം പൂർത്തിയാക്കാൻ നൽകിയിരിക്കുന്ന സമയപരിധി.മാർച്ച് ഒൻപതിനായിരുന്നു നിർമാണോദ്ഘാടനം. സമീപനപാതയ്ക്കുള്ള സ്ഥലമൊരുക്കൽ പൂർത്തിയായപ്പോൾ മഴ കാരണം ആറ്റിലെ ജലനിരപ്പുയർന്നതാണ് ജോലികൾ വൈകാൻ കാരണം. 2011ൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ് തുടരെയുണ്ടായ തടസ്സങ്ങളെല്ലാം പരിഹരിച്ചു നിർമാണഘട്ടത്തിലെത്തിയത്.
നേരത്തെ തയാറാക്കിയ രൂപരേഖ പ്രളയനാളുകളിലെ ജലനിരപ്പ് കണക്കിലെടുത്ത് ഉയരം കൂട്ടി പുതുക്കിയിരുന്നു. പത്തനംതിട്ട-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന മറ്റൊരു പ്രധാന പാതയായി ഇത് മാറും. മഹാദേവർ ക്ഷേത്രം കീഴ്ശാന്തി അനിൽകുമാർ ഭൂമിപൂജ നടത്തി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി മാത്യു, കൗൺസിലർ സുനിത വേണു, പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഷീജ തോമസ്, അസി. എൻജിനീയർ സി.ചന്തു, മഹാദേവ ഹിന്ദുസേവാസമിതി പ്രസിഡന്റ് എം.ജി.ബിജുകുമാർ, വിനോദ് മുളമ്പുഴ, ശ്യാം തുടങ്ങിയവർ പങ്കെടുത്തു.