ADVERTISEMENT

പത്തനംതിട്ട ∙ പ്രിയ കൂട്ടുകാരന് യാത്രാമൊഴി നൽകാൻ ഇന്നലെ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ സഹപാഠികൾ നിറകണ്ണുകളോടെ കാത്തു നിന്നു. അധ്യാപകർക്കും പത്താം ക്ലാസിൽ കൂടെ പഠിച്ച കൂട്ടുകാർക്കും നല്ലതു മാത്രം പറയാനുണ്ടായിരുന്ന വിദ്യാർഥിയായിരുന്നു കഴിഞ്ഞ ദിവസം മരിച്ച തോന്ന്യാമല, കന്നിടുംകുഴി കുഴികാലായിൽ പ്രദീപ് കുമാർ (15). വയറിളക്കവും പനിയും ബാധിച്ചെന്നും കനത്തപ്പോൾ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയായിരുന്നു പ്രദീപിന്റെ മരണമെന്നും ബന്ധുക്കൾ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ആന്തരികാവയവ പരിശോധനാ ഫലം ലഭിച്ചാലേ മരണ കാരണം കൃത്യമായി പറയാൻ കഴിയൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വീട്ടിലെ പ്രാരാബ്ധങ്ങൾക്കിടയിലും തെറ്റില്ലാതെ പഠിക്കുന്ന വിദ്യാർഥി എന്നാണ് അധ്യാപകർ പറയുന്നത്. ജൂൺ 27ന് സ്കൂളിൽ എത്തി മടങ്ങിയ പ്രദീപ് അസുഖബാധിതനായതിനെ തുടർന്ന് പിന്നീട് സ്കൂളിലേക്ക് എത്തിയില്ല.

സഹോദരൻ പ്രവീൺ അടുത്തിടെ ചെന്നൈയിലേക്ക് ജോലിക്കായി പോയതിനാൽ ശാരീരികാവശതകൾ ഉള്ള അമ്മ സുജയും സഹോദരി പ്ലസ്ടു വിദ്യാർഥിനിയായ പ്രിയദർശിനിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അസുഖത്തെ തുടർന്ന് അവശനായ പ്രദീപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെങ്കിൽ വീട്ടിലേക്കുള്ള ഒറ്റയടിപ്പാതയിലൂടെ കുന്നുകയറി ഇറങ്ങി വേണം പത്തനംതിട്ട ഇലന്തൂർ റോഡിൽ എത്താൻ. വീട്ടു പരിസരത്തേക്ക് വാഹനം എത്താത്തതിനാൽ സമീപവാസിയാണ് ചുമലിലേറ്റി റോഡിൽ എത്തിച്ചത്. വാഹനത്തിൽ ആശുപത്രിയിലെത്തും മുൻപ് ജീവൻ നഷ്ടമായി. പ്രദീപിന്റെ വീട്ടിലേക്കു കടന്നു പോകാൻ വളരെ ഉയരത്തിലുള്ള ചെറിയ ഒറ്റയടി പാതയിലൂടെ വേണം നടന്നു പോകേണ്ടത്. അതിനാൽ വന്നെത്തുന്നവരുടെ സൗകര്യം കണക്കാക്കി സമീപത്തെ ഐപിസി ചർച്ച് വരാന്തയിലാണ് മൃതദേഹം സംസ്കാരസമയം വരെ വച്ചിരുന്നത്. ഉച്ചകഴിഞ്ഞ് 2 നാണ് മൃതദേഹം വീട്ടിലെത്തിച്ച് അന്ത്യകർമങ്ങൾ ചെയ്തത്.  

വഴിയില്ലാത്ത ദുരിതം
പ്രദീപിന്റെ വീട്ടിലേക്ക് കടന്നു പോകണമെങ്കിൽ സമീപത്തെ ഐപിസി ചർച്ച് വഴിയിലൂടെ കയറിപ്പോകണം. ഒറ്റയടിപ്പാതയും മറ്റൊരാളിന്റെ വീട്ടുമുറ്റം വഴി കടന്നു വേണം ഇവിടെയെത്താൻ. നാല് കുടുംബങ്ങളാണ് ഇവിടെ വഴിയില്ലാതെ ബുദ്ധിമുട്ടുന്നത്. അസുഖം ബാധിച്ചവരെ തോളിൽ എടുത്തു വേണം റോഡിലേക്കെത്തിക്കാൻ. പാതയുടെ ഒരു വശം നല്ല കുഴിയും ഒരു വശത്ത് ഒരു വലിയ പാറയുമാണുള്ളത്. പാറ നീക്കം ചെയ്യാതെ വഴിക്കു വീതി കൂട്ടാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.നാരങ്ങാനം പഞ്ചായത്തിലെ 11–ാം വാർഡിലാണ് ഈ സ്ഥലം. ഇവിടെ ഒരു ചെറിയ വാഹനമെങ്കിലും എത്തും വിധം റോഡ് നിർമിക്കാൻ അധികാരികൾ തയാറായാൽ തങ്ങളുടെ ദുരിതങ്ങൾക്ക് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com