തുടരുന്നു അപകട യാത്ര; അവഗണിച്ച് അധികൃതർ

Mail This Article
തിരുവല്ല∙നിരണം വെസ്റ്റ് കടവ് പാലത്തിന് കൈവരികൾ ഇല്ലാതായിട്ട് 10 വർഷത്തിൽ ഏറെയായി. കാറും ഓട്ടോയും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ കടന്നു പോകുന്ന പാലമാണിത്.മുണ്ടനാരി തോടിന് കുറുകെ നിരണം പഞ്ചായത്തിനെയും കടപ്ര പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം പ്രായം മുപ്പതിലേറെ. കാലക്രമത്തിൽ കൈവരികളും ഇല്ലാതായി. കടപ്ര പഞ്ചായത്തിന്റെ പടിഞ്ഞാറ് അതിർത്തിയിൽ ഉള്ള 13-ാം വാർഡിലുള്ള ജനങ്ങൾക്ക് നിരണം കുടുംബാരോഗ്യ കേന്ദ്രം,എൽപി സ്കൂൾ,പോസ്റ്റ് ഓഫീസ്,വൈദ്യുതി ഓഫിസ് എന്നിവിടങ്ങളിലേക്ക് പോകുന്നതും ഈ പാലം വഴിയാണ്. ഏറെ ഭയത്തോടെ ആണ് വാഹനങ്ങളിൽ ആളുകൾ ഈ വഴി കടന്നുപോകുന്നത്. ഇരുചക്ര വാഹനം കൈവരി ഇല്ലാത്തതിനാൽ തോട്ടിൽ പോയ സംഭവവും ഉണ്ട്. സ്കൂൾ കുട്ടികൾ സൈക്കിളിൽ പാലം വഴി കടന്നു പോകുന്നു.
അപകടം പതിയിരിക്കുന്ന പാലം പൊളിച്ച് വീതിയുള്ള പാലം നിർമിക്കണം എന്നത് നാട്ടുകാരുടെ വർഷങ്ങൾ ആയുള്ള ആവശ്യമാണ്. എന്നാൽ അധികാരികൾ തിരിഞ്ഞ് നോക്കിയിട്ടില്ല.ഇത്തരത്തിൽ ഒരു പാലം തന്റെ പഞ്ചായത്തിൽ ഉണ്ട് എന്ന് അറിയാത്ത ഒരാൾ ഉണ്ട് നിരണം പഞ്ചായത്തിൽ. മറ്റാരുമല്ല പഞ്ചായത്ത് പ്രസിഡന്റ് എം.ജി രവി. കൈവരികൾ ഇല്ലാത്ത പാലം തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് അംഗം പോലും ഇക്കാര്യം തന്നെ അറിയിച്ചിട്ടില്ല. മണ്ടനാരി തോട് നിരണം പഞ്ചായത്തിലാണ്. എന്നാൽ പാലം നിരണം, കടപ്ര പഞ്ചായത്തുകളിലാണ്. ഈ സാഹചര്യത്തിൽ നിരണം പഞ്ചായത്തിന് മാത്രമായി ഒന്നും ചെയ്യാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.