ടികെ റോഡിൽ അറ്റകുറ്റപ്പണിയില്ല; കുഴിയടയ്ക്കൽ മാത്രം
Mail This Article
തിരുവല്ല∙ ടികെ റോഡിൽ അറ്റകുറ്റപ്പണിയില്ല. കുഴിയടയ്ക്കൽ മാത്രം. തിരുവല്ല മുതൽ വള്ളംകുളം പാലം വരെയുള്ള ഭാഗത്തെ കുഴികളാണ് ഇന്നലെ അടച്ചത്.ടാർ മിശ്രിതം കുഴികളിൽ നിറയ്ക്കുക മാത്രമാണ് ചെയ്തത്. മുൻ കാലങ്ങളിലെ പോലെ റോളർ കയറ്റി ഉറപ്പിച്ചിട്ടില്ല.മേയിൽ മഴ പെയ്തപ്പോൾ ഇത്തരത്തിൽ കുഴികൾ മൂടിയിരുന്നു. വീണ്ടും മഴ കനത്തപ്പോൾ ഇത് ഇളകിപ്പോയി അതെ സ്ഥാനത്ത് വീണ്ടും കുഴി രൂപപ്പെടുകയും ചെയ്തിരുന്നു. മഞ്ഞാടി, തോട്ടഭാഗം വടയത്ര വളവ് തുടങ്ങിയ ഇടങ്ങളിൽ വലിയ കുഴി രൂപപ്പെട്ടിരുന്നു. കുഴിയിൽ ഇരു ചക്രവാഹനങ്ങൾ ഇറങ്ങി നിരവധി അപകടങ്ങൾ ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
മൂന്നു വർഷമായി ടാർ റോഡിൽ ചെറിയ തോതിൽ അറ്റകുറ്റപ്പണികൾ മാത്രമാണ് നടക്കുന്നത്.2015–16 കാലയളവിലാണ് ഉന്നത നിലവാരത്തിൽ നിർമിച്ചത്. അതിനു ശേഷം തിരുവല്ല മുതൽ കുമ്പഴ വരെയുള്ള ഭാഗത്ത് കാര്യമായ അറ്റകുറ്റപ്പണികളും ബിഎംബിസി ടാറിങും നടത്തിയിട്ടില്ല.ജില്ലയിലെ തന്നെ പ്രധാന നിരത്തുകളിൽ ഒന്നായ ഈ റോഡിന്റെ നവീകരണത്തിനായി പുതിയ പദ്ധതികൾ ഇല്ലാത്തതും ഫണ്ടില്ലാത്തതും വികസനത്തിന് തടസ്സമാകുന്നുണ്ട്.