വിമാനത്താവളം കൊടുമണ്ണിൽ അനുവദിക്കണം: പ്രവാസി അസോസിയേഷൻ
Mail This Article
കൊടുമൺ ∙ ജില്ലയിലെ പ്രവാസികളുടെ ചിരകാല സ്വപ്നമായ വിമാനത്താവളം കൊടുമൺ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് തന്നെ അനുവദിക്കണമെന്ന് പ്രവാസി അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എസ്റ്റേറ്റ് കേന്ദ്രീകരിച്ച് ഈ ആവശ്യത്തിനായി സാമൂഹിക ആഘാത പഠനം നടത്തണമെന്നുള്ള ആക്‌ഷൻ കൗൺസിലിന്റെ ഒപ്പു ശേഖരണത്തിന് എല്ലാവിധ പിന്തുണയും നൽകും. കൂടാതെ അസോസിയേഷന്റെ നേതൃത്വത്തിൽ കേരള സർക്കാരിനും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
എരുമേലിയിൽ പുതിയ ഒരു ഗ്രൂപ്പിനെ കൊണ്ടുവന്ന് വീണ്ടും പഠനം നടത്തുന്നതിലൂടെ കോടികളുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്. ഓരോ പ്രവാസികളുടെയും അധ്വാനത്തിന്റെ ഒരംശം കൂടിയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. ഈ ആവശ്യത്തിനായി സമാന ചിന്താഗതിയുള്ള മറ്റ് പ്രസ്ഥാനങ്ങളുമായി സഹകരിച്ചു മുന്നോട്ട് പോകാനും യോഗത്തിൽ തീരുമാനമായി. അജി കുഴിവിള അധ്യക്ഷനായിരുന്നു. രക്ഷാധികാരി വിശ്വജിത്, സെക്രട്ടറി ജയ പ്രകാശ് കൊടുമൺ, ജോയിന്റ് സെക്രട്ടറി എ.ജി. സുമേഷ് അങ്ങാടിക്കൽ, ട്രഷറർ റോയിമോൻ കല്ലുകാട്ടിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ അജന്ത പ്രഭ, ഷിബു സാമുവൽ എന്നിവർ പ്രസംഗിച്ചു.