ADVERTISEMENT

പത്തനംതിട്ട ∙ മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് തെറ്റായ സന്ദേശം നൽകിയെന്നും മുഖ്യമന്ത്രിയുടെ മരുമകനെന്ന നിലയിൽ റിയാസ് സൂപ്പർമാൻ ചമയുകയാണെന്നും ജില്ലയിലെ ഏരിയ കമ്മിറ്റി യോഗങ്ങളിൽ വിമർശനം. കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാർ മികച്ച പ്രവർത്തനം കാഴ്ചവച്ചവരും പ്രഗല്ഭരുമായിരുന്നു. ഒരു ടേം ചട്ടം പറഞ്ഞു അവരെ മാറ്റിയത് മുഖ്യമന്ത്രിയുടെ മരുമകനെ മന്ത്രിയാക്കാനായിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെയും മരുമകന്റെയും സമീപനങ്ങൾ രക്തസാക്ഷി പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുമെന്നും പന്തളം ഏരിയ കമ്മിറ്റി യോഗത്തിൽ ആരോപണമുയർന്നു. ജില്ലാ കമ്മിറ്റിക്കു ശേഷം നടന്ന ഏരിയ കമ്മിറ്റി യോഗങ്ങളിലാണ് സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചത്. 

സർക്കാർ‌ ജനങ്ങളിൽനിന്ന് അകന്നു. മുഖ്യമന്ത്രിക്കു ധാർ‌ഷ്ട്യമാണ്. മാധ്യമങ്ങളോടു പോലും അങ്ങനെ പെരുമാറുന്നു. പാർട്ടിയിലെ മന്ത്രിമാരുടെ പ്രവർത്തനം മോശമാണന്നും കുറ്റപ്പെടുത്തി.മകന്റെ പ്രശ്നം വന്നപ്പോൾ കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കണ്ടു വിശദീകരിച്ചിരുന്നു. എന്നാൽ മകളുടെ വിഷയം വന്നപ്പോൾ മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത് പ്രശ്നങ്ങൾ വഷളാക്കി.‌ ആ ആരോപണങ്ങളെ പ്രതിരോധിക്കാൻ പാർട്ടിയെ ദുർബലപ്പെടുത്തേണ്ട കാര്യമില്ല. മുഖ്യമന്ത്രി വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര പോലെ പോകുന്നത് ധൂർത്താണെന്ന തോന്നൽ ജനങ്ങൾക്കുണ്ട്. സംസ്ഥാന സെക്രട്ടറിക്ക് ആശയങ്ങൾ ജനത്തോട് കൃത്യമായി പറയാൻ കഴിയുന്നില്ലെന്ന തരത്തിലും വിമർശനമുണ്ടായി. 

പാർട്ടി കണ്ണൂർ ലോബിയുടെ പിടിയിലാണെന്നും ഇങ്ങനെ തുടർന്നാൽ ആസന്ന മരണം പാർട്ടിക്കുണ്ടാകുമെന്നും കോന്നി ഏരിയ കമ്മിറ്റിയിൽ വിമർശനമുണ്ടായി. പല കാര്യങ്ങളിലും എസ്എഫ്ഐയുടെ ധാർഷ്ട്യം അവമതിപ്പുണ്ടാക്കി. ഭരണത്തിന്റെ തണലിൽ പാർട്ടി പരിപാടികൾക്കു സാമ്പത്തിക പിരിവ് കൂടിയത് തിരിച്ചടിയായെന്നും തിരുവല്ലയിൽ വിമർശനമുണ്ടായി. ജനങ്ങളെ കൃത്യമായി വിലയിരുത്താൻ പാർട്ടിക്കു കഴിയുന്നില്ലെന്നും സംഘടനാ ദൗർബല്യം ഗുരുതരമായ അവസ്ഥയിലാണെന്നും എംഎൽഎമാർ മണ്ഡലങ്ങളിൽ സജീവമല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. 

‘വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് നാട്ടിൽ പണം തേടി നടപ്പു എന്ന് ആരും പറയുന്നില്ല. സ്വർണം ഇരിപ്പുണ്ടെന്നു വീട്ടുകാർ തിരിച്ചറിയണം. എന്നാൽ പാർട്ടിയും നേതൃത്വവും അറിഞ്ഞെന്ന ഭാവം നടിച്ചില്ല.’ റാന്നി ഏരിയ കമ്മിറ്റിയിൽ എൽഡിഎഫ് സ്ഥാനാർഥിയെക്കുറിച്ചുണ്ടായ അഭിപ്രായമാണിത്. തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം രാജു ഏബ്രഹാമിന്റെ ചിത്രം വച്ച് ഈ വരികൾ ഉൾപ്പെടുത്തി പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത് നേരത്തെ വിവാദമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com