തേക്കാട്ടിൽപടിയിൽ അപകടക്കെണി

Mail This Article
പൂവന്മല ∙ ഉന്നത നിലവാരത്തിൽ റോഡ് ടാറിങ് നടത്തിയിട്ടും സുരക്ഷയൊരുക്കാതെ പിഡബ്ല്യുഡി. റാന്നി–വെണ്ണിക്കുളം റോഡിൽ പൂവന്മല തേക്കാട്ടിൽപടി ഭാഗത്തെ സ്ഥിതിയാണിത്.റാന്നി–വെണ്ണിക്കുളം റോഡ് 3 വർഷം മുൻപ് ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്തിയിരുന്നു. വശങ്ങൾ വീതി കൂട്ടി കോൺക്രീറ്റ് ചെയ്യുകയും വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ പൂട്ടുകട്ടകൾ പാകുകയും ചെയ്തിരുന്നു. എന്നാൽ തേക്കാട്ടിൽപടി ഭാഗത്തെ അപകടക്കെണി ഒഴിവാക്കിയിട്ടില്ല.
ഇവിടെ തോടിനോടു ചേർന്നാണ് വെണ്ണിക്കുളം റോഡ് കടന്നു പോകുന്നത്. തോടിനോടു ചേർന്ന ഭാഗം വരെ ടാറിങ് നടത്തിയിട്ടുണ്ട്. വാഹനങ്ങൾ വശത്തേക്കെടുത്താൽ അപകടത്തിൽപ്പെടുന്ന സ്ഥിതിയാണ്. എതിരെയെത്തുന്ന വാഹനത്തിനു വശം കൊടുക്കുമ്പോഴും ഇതേ ദുരവസ്ഥ നേരിടാം. പല തവണ വാഹനങ്ങൾ ഇവിടെ മറിഞ്ഞിട്ടുണ്ട്. തോടിനോടു ചേർന്ന ഭാഗത്ത് ഭാഗികമായി ഇടിതാങ്ങി സ്ഥാപിച്ചിട്ടുണ്ട്. മറ്റു ഭാഗങ്ങൾ കെണിയായി കിടക്കുകയാണ്. ഇവിടങ്ങളിലും ഇടിതാങ്ങി സ്ഥാപിക്കുകയാണു വേണ്ടത്.