പത്താനാപുരം–ഏനാത്ത് റോഡ് നവീകരണം മന്ദഗതിയിൽ

Mail This Article
ഏനാത്ത്∙പത്താനാപുരം–ഏനാത്ത് റോഡിന്റെ നവീകരണം ഇഴഞ്ഞു നീങ്ങുന്നു. ജർമൻ സാങ്കേതിക വിദ്യയിൽ തുടങ്ങിയ പുനരുദ്ധാരണമാണ് പൂർത്തിയാകാതെ നീളുന്നത്. മെതുകുമ്മേൽ, കളമല എന്നിവിടങ്ങളിൽ കലുങ്കു നിർമാണവും ടാറിങ്ങും പൂർത്തിയായില്ല. ടാറിങ് നടത്താത്ത ഭാഗത്ത് റോഡിൽ കുഴികൾ നിറഞ്ഞു. മഴക്കാലമായതോടെ ചെളി നിറഞ്ഞ് റോഡ് സഞ്ചാര യോഗ്യമല്ലാതായി. പത്തനാപുരം, പട്ടാഴി വടക്കേക്കര, ഏഴംകുളം പഞ്ചായത്തുകളെ എം.സി.റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.
തകർന്നു കിടന്ന പാത കടുത്ത പ്രതിഷേധത്തെ തുടർന്ന് ആദ്യം 17 ലക്ഷം രൂപ മുടക്കി കുഴിയടച്ച് ഗതാഗത യോഗ്യമാക്കി. അതിനു പിന്നാലെയാണ് കിഫ്ബിയിൽനിന്നു തുക ചെലവഴിച്ച് പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരണം തുടങ്ങിയത്. മഴക്കാലമായതോടെ ചെളിക്കുളമായ റോഡിൽ ദുരിത യാത്രയാണ്. നിലവിലുള്ള റോഡ് അസംസ്‌കൃത വസ്തുവാക്കി സിമന്റും രാസവസ്തുക്കളും ചേർത്ത് ഉറപ്പിക്കുകയും പിന്നാലെ ഉപരിതലത്തിൽ ടാറിങ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഗുണനിലവാരക്കുറവിൽ ടാറിങ് അശാസ്ത്രീയമെന്ന് ആരോപണം ഉയർന്നിരുന്നു.