ശബരിമല: ഭക്തർക്ക് ഇൻഷുറൻസ് പരിരക്ഷ; 5 ലക്ഷത്തിന്റെ പരിരക്ഷ വെർച്വൽ ക്യൂ ബുക്കിങ് നടത്തുന്നവർക്ക്

Mail This Article
തിരുവനന്തപുരം∙ വെർച്വൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്ത് ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇൻഷുറൻസ് പരിരക്ഷ പദ്ധതി കൊണ്ടു വരുന്നു. നേരത്തേ അപകട മരണങ്ങൾക്കു മാത്രം ലഭിച്ചിരുന്ന 5 ലക്ഷം രൂപയുടെ പരിരക്ഷ ഇനി സന്നിധാനത്തു വച്ചു സംഭവിക്കുന്ന എല്ലാ തരം മരണങ്ങൾക്കും ബാധകമാക്കും.വെർച്വൽ ക്യൂ ബുക്കിങ് നടത്തുമ്പോൾ ‘ഓപ്ഷനൽ’ ആയി 10 രൂപ ഈടാക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അറിയിച്ചു.
ഈ തുക പദ്ധതി നിർവഹണ ചുമതലയുള്ള സ്ഥാപനത്തിനു നേരിട്ടു കൈമാറും. പദ്ധതി പ്രാവർത്തികമാക്കുന്നതിനായി വിവിധ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കാനും തീരുമാനിച്ചു. സന്നിധാനത്തുണ്ടാകുന്ന സ്വാഭാവിക മരണങ്ങൾക്കു സ്റ്റേറ്റ് ഇൻഷുറൻസ് വഴി ചെറിയ തുക മാത്രമാണ് ഇപ്പോൾ ആംബുലൻസ് ചാർജായി മരിച്ചവരുടെ കുടുംബങ്ങൾക്കു കൈമാറുന്നത്. സംസ്ഥാനത്തിനകത്ത് 25,000 രൂപയും പുറത്ത് 50,000 രൂപയും നൽകുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് 55 പേരാണ് സന്നിധാനത്തും പമ്പയിലുമായി മരിച്ചത്.
അപകട മരണങ്ങൾ അല്ലാത്തതിനാൽ ഇവരുടെ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഹൃദയാഘാതത്തെ തുടർന്നാണ് നാൽപതോളം മരണങ്ങൾ സംഭവിച്ചത്. കുഴഞ്ഞു വീണുള്ള മരണം, ശ്വാസം മുട്ടൽ, പക്ഷാഘാതം, പാമ്പുകടി എന്നിവയെ തുടർന്നും ജീവഹാനിയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് അപകട മരണങ്ങൾക്കു പുറമേയുള്ള മരണങ്ങൾക്കും ഇൻഷുറൻസ് പദ്ധതി വഴി സമാശ്വാസം നൽകാൻ ദേവസ്വം ബോർഡിന്റെ തീരുമാനം. പമ്പയിലും സന്നിധാനത്തും ഇൻഷുറൻസ് ഹെൽപ് ഡസ്കുകളും തുറക്കും. പരുക്കേറ്റവർക്കു നൽകേണ്ട പരിരക്ഷയെപ്പറ്റി വൈകാതെ തീരുമാനമെടുക്കും. വരുന്ന സീസണിൽ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദിവസം 80,000 പേരെ പ്രവേശിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. 17ന് സർക്കാരുമായുള്ള ചർച്ചയ്ക്കു ശേഷം ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കും.