പത്തനംതിട്ട അബാൻ മേൽപാലം: കോൺക്രീറ്റിന്റെ ഭാരം താങ്ങാനാകാതെ ഇരുമ്പുതൂണുകൾ വളഞ്ഞു
Mail This Article
പത്തനംതിട്ട ∙ അബാൻ മേൽപാലത്തിന്റെ കഴിഞ്ഞ ദിവസം കോൺക്രീറ്റ് ചെയ്ത ഭാഗത്തെ താങ്ങിനിർത്തിയിരിക്കുന്ന ഇരുമ്പുതൂണുകൾ വളഞ്ഞു. കോൺക്രീറ്റിന്റെ ഭാരം താങ്ങാനാകാതെ തൂണുകൾ വളഞ്ഞ് നിൽക്കുന്നത് കാഴ്ചയിൽ വ്യക്തമാണ്. നഗരസഭ ഓപ്പൺ സ്റ്റേജ് നിന്നിരുന്ന ഭാഗമായിരുന്നു വ്യാഴാഴ്ച കോൺക്രീറ്റ് ചെയ്തത്. ഇതിന് താങ്ങ് കൊടുത്തിരിക്കുന്ന ഇരുമ്പ് തൂണുകൾ വളഞ്ഞുനിൽക്കുന്നതായി ഇന്നലെയാണ് കാണപ്പെട്ടത്. തുടർന്ന് സംശയ നിവൃത്തിക്കായി വ്യാപാരികളും നാട്ടുകാരും നിർമാണപ്രവർത്തനവുമായി ബന്ധപ്പെട്ടവരെ വിളിച്ചു കാണിച്ചു.
കോൺക്രീറ്റിങ്ങിനു ശേഷം നേരിയ തോതിൽ ഇരുത്തൽ ഉണ്ടായിട്ടുണ്ടെന്നും അതിനാലാണ് തൂണുകൾ വളഞ്ഞതെന്നും അവർ പറഞ്ഞു. കെട്ടിടങ്ങളുടെ കോൺക്രീറ്റിങ്ങിനായി ഉപയോഗിക്കുന്ന കനം കുറഞ്ഞ തൂണുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നും മേൽപാലം കോൺക്രീറ്റിന്റെ വൻഭാരം താങ്ങാനുള്ള ശേഷി ഇവയ്ക്കില്ലെന്നുമുള്ള ആരോപണം ഉയർന്നിട്ടുണ്ട്.