വള്ളസദ്യ: ക്ഷേത്രത്തിന് പുറത്ത് 5 സദ്യാലയങ്ങൾ; ആറന്മുളയിൽ ഒരേസമയം പത്ത് വള്ളസദ്യയ്ക്ക് സൗകര്യമൊരുക്കും
Mail This Article
ആറന്മുള ∙ ക്ഷേത്രത്തിൽ ഒരേസമയം 10 വള്ളസദ്യകൾ നടത്താൻ ദേവസ്വം ബോർഡ് സൗകര്യം ഒരുക്കും. വടക്കും പടിഞ്ഞാറുമുള്ള ഊട്ടുപുരയിൽ 2 എണ്ണം വീതം ക്രമീകരിക്കും. തെക്ക്, വടക്ക് നടപ്പന്തലുകളിൽ മൂന്നെണ്ണം വീതവും ഉണ്ടാകും. ഒരു പന്തലിൽ ഒരേ സമയം 180 പേർക്കു വരെ ഇരിക്കാനുള്ള സൗകര്യമുണ്ടാകും. ക്ഷേത്രത്തിനു വെളിയിൽ 5 സദ്യാലയങ്ങളും പള്ളിയോട സേവാ സംഘം എടുത്തിട്ടുണ്ട്. വടക്കേ നടയിൽ കൈ കഴുകുന്നയിടത്തു മേൽക്കൂര നിർമിക്കും. വഴിപാടുകാർ പള്ളിയോടത്തെ സ്വീകരിച്ചു ക്ഷേത്രത്തിലേക്ക് ആനയിക്കുന്ന മധുക്കടവിൽ താത്കാലിക മേൽക്കൂര നിർമിക്കും. സമീപമുള്ള മേൽശാന്തി മഠത്തിന്റെ മുകളിലും പന്തലിടും.
വടക്കുപടിഞ്ഞാറു ഭാഗത്തുള്ള പാത്രക്കടവ് വൃത്തിയാക്കി, തിരക്കുള്ളപ്പോൾ പള്ളിയോടത്തെ സ്വീകരിക്കാൻ നദിയിലേക്കിറങ്ങാനുള്ള വഴിയാക്കും. അന്നദാനപ്പന്തലുകളിൽ പള്ളിയോട സേവാ സംഘത്തിന്റെ ചുമതലയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. നിലവിലുള്ളവയുടെ അറ്റകുറ്റപണി നടത്തും.സർപ്പക്കാവിനു മുകളിൽ സ്റ്റീൽ മേൽക്കൂര സ്ഥാപിക്കും. തറയിലെ കോൺക്രീറ്റ് ചെയ്ത ഭാഗം ഇളക്കിമാറ്റും. ദേവസ്വം ബോർഡ് മരാമത്തു വിഭാഗം 24 ലക്ഷം രൂപയുടെ പ്രവൃത്തികളാണു ചെയ്യുന്നത്. ടെൻഡർ നടപടി പൂർത്തിയാക്കി അടുത്തയാഴ്ചയോടെ നിർമാണം തുടങ്ങും. 20നു മുൻപു പൂർത്തിയാക്കും.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേഷ് കുമാർ മാലിമേൽ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ബി.സുധീർ, സെക്രട്ടറി കെ.ആർ.രാജേഷ്, രഘുവരൻ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പാർക്കിങ്ങിന് കൂടുതൽ സൗകര്യം
വാഹന പാർക്കിങിനു കൂടുതൽ സ്ഥലം ലഭ്യമാക്കുന്നതിനു തറയിൽമുക്കിനു സമീപമുള്ള ആനത്തറി, മണ്ഡലക്കുഴി എന്നിവിടങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തും. ആനത്തറിയിൽ ചെറിയ നൂറോളം വാഹനങ്ങൾക്കു പാർക്കു ചെയ്യാം. മണ്ഡലക്കുഴിയിൽ വലിയ വാഹനങ്ങൾക്കും കെഎസ്ആർടിസി ടൂറിസം പാക്കേജ് വാഹനങ്ങൾക്കുമാണു പാർക്കിങ്.