രാത്രി സർവീസുകൾ വെട്ടിക്കുറച്ച് കെഎസ്ആർടിസി; രാത്രിയാത്രയ്ക്ക് ‘കാൽനടയാത്ര’

Mail This Article
പത്തനംതിട്ട ∙ ഗ്രാമീണ മേഖലയിലടക്കം രാത്രികാലങ്ങളിൽ കെഎസ്ആർടിസി സർവീസുകൾ കുറയുന്നത് ജില്ലയിലെ യാത്രക്കാരെയും ജോലിക്കാരെയുമാണ് ഏറ്റവുമധികം ബാധിക്കുന്നത്. ജില്ലയിലെ പ്രധാന ടൗണുകളിൽനിന്ന് മലയോരമേഖലകളിലേക്കും ഗ്രാമീണ മേഖലകളിലേക്കും സർവീസുകളില്ല. ദീർഘദൂര സർവീസുകളുടെ കാര്യവും പരുങ്ങലിലാണ്. എന്നാൽ ആവശ്യത്തിന് സർവീസുകൾ ജനോപകാരപ്രദമായി മേഖലകളിലേക്ക് കൊണ്ടുവരാൻ അധികൃതർ മടികാണിക്കുന്നെന്നാണ് പരാതി.
പന്തളത്തെ കെഎസ്ആർടിസി സബ് ഡിപ്പോയിൽനിന്നു വൈകിട്ട് സർവീസുകളില്ല. മലയാളമാസം ഒന്നാം തീയതി മുതൽ 5 ദിവസം വൈകിട്ട് 6.30ന് പമ്പ സർവീസ് മാത്രമാണുള്ളത്. നിലവിൽ ആകെ 13 സർവീസുകൾ മാത്രമാണുള്ളത്. എറണാകുളം അമൃത, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലേക്കുള്ള ഫാസ്റ്റ് പാസഞ്ചർ സർവീസുകളാണ് ദീർഘദൂര സർവീസെന്ന് പറയാവുന്നത്. ഇവയുടെ സർവീസ് തീരുന്നത് രാത്രി 7.30നും ഒൻപതിനുമിടയ്ക്കുള്ള സമയത്താണ്. പന്തളം–കോഴഞ്ചേരി, പന്തളം–മങ്കുഴി റൂട്ടിൽ പകൽ സമയങ്ങളിൽപോലും സർവീസുകളില്ല.
തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് വൈകിട്ട് 7 കഴിഞ്ഞാൽ ഓതറ, കല്ലുങ്കൽ, മേപ്രാൽ, ഇരമല്ലിക്കര, വാളക്കുഴി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ബസില്ല. തിരുവല്ല സ്റ്റാൻഡിൽനിന്ന് വൈകിട്ട് 5.20 കഴിഞ്ഞാൽ ഓതറയ്ക്ക് ബസില്ല. വാളക്കുഴിക്ക് 9.30ന് തിരുവല്ലയിൽനിന്നു നേരത്തെ ബസ് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് ഇല്ല. യാത്രക്കാരില്ലാത്തതാണ് സർവീസ് വെട്ടിക്കുറയ്ക്കാൻ കാരണമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
റാന്നിയിലേക്ക് 8.50നാണ് അവസാന ബസ്. എടത്വാ ബസ് 9ന്. ചങ്ങനാശേരിവഴി പോകുന്ന കായൽപുറം പള്ളി 9ന് തിരുവല്ലയിൽ നിന്നു പുറപ്പെടും. തിരുവല്ലയിൽനിന്നു കല്ലൂപ്പാറയ്ക്ക് 7.50നാണ് അവസാന ബസ്. എന്നാൽ തിരുവനന്തപുരത്തുനിന്നുള്ള മല്ലപ്പള്ളി ബസ് 9ന് തിരുവല്ലയിലെത്തും. പത്തനംതിട്ടയിലേക്ക് 9 കഴിഞ്ഞാൽ ബസ് ഇല്ല. എന്നാൽ മറ്റിടങ്ങളിൽനിന്നുള്ള ബസ് ഇതുവഴി കടന്നുപോകുന്നുണ്ട്. തിരുവല്ലയിൽനിന്നു കായംകുളത്തേക്കുള്ള അവസാന ബസ് 7.30 നാണ്. 9ന് മൂന്നാറിൽ നിന്നുള്ള കായംകുളം സൂപ്പർ ഫാസ്റ്റ് ഇവിടെ എത്തുന്നു. പലപ്പോഴും യാത്രക്കാർ ഇല്ലാത്തതാണ് ഗ്രാമ പ്രദേശങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കാരണമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
ആവശ്യത്തിനു ബസ് സർവീസ് ഇല്ലാതെ കോന്നി വഴിയുള്ള രാത്രിയാത്രയും ദുരിതമാകുകയാണ്. കോന്നിയിലേക്ക് രാത്രി 7.30 കഴിഞ്ഞാൽ പത്തനംതിട്ടയിൽനിന്നു പോലും ഓർഡിനറി സർവീസ് ഇല്ല. ദീർഘദൂര സർവീസുകളെയാണ് ആശ്രയിക്കുന്നത്. രാത്രി 10ന് പത്തനംതിട്ടയിൽനിന്ന് കോന്നി വഴി തിരുവനന്തപുരത്തേക്കും തെങ്കാശിയിലേക്കുമുള്ള ഫാസ്റ്റ് പാസഞ്ചർ ബസാണ് അവസാനത്തേത്. കോന്നി, കൂടൽ, കലഞ്ഞൂർ, പത്തനാപുരം, പുനലൂർ മേഖലയിലേക്കൊക്കെ പോകാൻ ഈ ബസുകളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. ഇവിടെ നിന്നൊക്കെ പത്തനംതിട്ടയിലേക്കു പോകാൻ രാത്രി 11.20നുള്ള തൃശൂർ ഫാസ്റ്റാണ് അവസാന വണ്ടി. രാത്രി 8.10ഓടെ പത്തനംതിട്ട ഭാഗത്തേക്കുള്ള അവസാന സ്വകാര്യബസും പോയിക്കഴിഞ്ഞിരിക്കും.
കെഎസ്ആർടിസി അടൂർ ഡിപ്പോയിൽ രാത്രി 9നുശേഷം ഓർഡിനറി സർവീസുകൾ ഇല്ല. അടൂർ–കായംകുളം റൂട്ടിൽ രാത്രി 9നാണ് അവസാന ഓർഡിനറി ബസ്. അടൂർ–ശാസ്താംകോട്ട റൂട്ടിൽ രാത്രി 8.40നുശേഷം ബസില്ല. പത്തനാപുരം റൂട്ടിലും രാത്രി 9ന് ശേഷം ബസില്ല. തെങ്ങമം റൂട്ടിൽ 5.40നു ശേഷം ഓർഡിനറി സർവീസില്ല. ശാസ്താംകോട്ട, മണ്ണടി റൂട്ടുകളിൽ നേരത്തെ രാത്രി 9.30ന് ഓർഡിനറി സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിർത്തലാക്കി.
പത്തനംതിട്ട ഡിപ്പോയിൽ രാത്രികാല സർവീസുകൾ പലപ്പോഴും മുടങ്ങുന്നതായി ആക്ഷേപമുണ്ട്. നിലവിലെ ഷെഡ്യൂളുകൾ പ്രകാരം പ്രവർത്തിക്കാനാവശ്യമായ ഡ്രൈവർമാരുടെ എണ്ണത്തിൽ 26 പേരോളം കുറവുണ്ടെന്നാണു കണക്കുകൾ. ദീർഘദൂര ബസുകൾ മുടങ്ങുന്നത് ഒഴിവാക്കാൻ രാത്രി കാലത്തെ പ്രാദേശിക സർവീസുകൾ റദ്ദാക്കുന്നുണ്ടെന്നും ആരോപണമുണ്ട്. രാത്രി 8 കഴിഞ്ഞാൽ പത്തനംതിട്ടയിൽനിന്നു പുറത്തേക്കു കടക്കണമെങ്കിൽ അപൂർവമായി എത്തുന്ന ദീർഘദൂര സർവീസുകൾ മാത്രമാണുള്ളത്. ബസ് കാത്ത് ഏറെനേരം കാത്തുനിൽക്കേണ്ട അവസ്ഥയാണു യാത്രക്കാർക്ക്.
ദൂരെ സ്ഥലങ്ങളിൽനിന്നുള്ള ജീവനക്കാർ തുടർച്ചയായി ജോലിചെയ്ത ശേഷം ഓഫ് എടുത്ത് പോകുകയാണ് പൊതുവേ. ഇതുകാരണം ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈവർമാർ ഇല്ലാതെ ഷെഡ്യൂളുകൾ മുടങ്ങുകയാണ്. സമീപത്തുള്ള ഡ്രൈവർമാർ ഓഫ് എടുക്കാതെ എല്ലാ ദിവസവും ഡ്യൂട്ടിക്ക് എത്തുന്നതാണു വൻതോതിലുള്ള ഷെഡ്യൂൾ മുടക്കം ഉണ്ടാകാത്തത്. 146 ഡ്രൈവർമാർ വേണ്ട സ്ഥാനത്ത് 120 പേർ മാത്രമാണുള്ളത്.