നാലുമണിക്കാറ്റ് പദ്ധതി: കാടുവളർന്ന് റോഡും പരിസരവും, കാടുമൂടി 48 ലക്ഷം

Mail This Article
കോഴഞ്ചേരി ∙ വലിയ പ്രതീക്ഷകളോടെ ആരംഭിച്ച വഴിയോര വിശ്രമകേന്ദ്രമായ നാലുമണിക്കാറ്റ് പദ്ധതിക്ക് അന്ത്യമാകുന്നു. പഞ്ചായത്തിലെ സ്തുതികാട്ട് പടി -കൊല്ലിരെത്തുപടി വയലോരത്താണു വഴിയോര വിശ്രമത്തിനും വിനോദത്തിനുമായി പദ്ധതിക്കു തുടക്കമിട്ടത്. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രകൃതി സൗഹൃദ വിനോദസഞ്ചാര വിശ്രമകേന്ദ്രമായി നടപ്പാക്കിയ പദ്ധതിക്ക് 48 ലക്ഷം രൂപയാണു ചെലവഴിച്ചത്. പദ്ധതി നടപ്പാകുന്നതോടെ ഈ പ്രദേശം സുന്ദരമായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു തുടക്കമിട്ടത്. ഇപ്പോൾ റോഡ് ഉൾപ്പെടെ നാലു വശങ്ങളിലും കാടുംമൂടിയ നിലയിലാണ്. ഇവിടെ ഒരുക്കിയ ഇരിപ്പിടങ്ങൾ തുരുമ്പെടുത്ത അവസ്ഥയിലും. വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കാനോ, ഒത്തുകൂടാനോ കുട്ടികൾക്കായി ഒരു പാർക്കോ നിലവിൽ കോഴഞ്ചേരിയിൽ ഇല്ല.
ഉദ്ഘാടന മാമാങ്കം നടത്തി പടം എടുത്തു പോയതല്ലാതെ പിന്നീടു നടപടികളോ നവീകരണമോ ഉണ്ടായിട്ടില്ല. നാട്ടുകാരടക്കം തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. പ്രകൃതിഭംഗി ആസ്വദിച്ച് രാവിലെയും വൈകുന്നേരങ്ങളിലെയും നടത്തം വിഭാവനം ചെയ്തിരുന്ന സ്ഥലം ഇപ്പോൾ ഇഴജന്തുക്കൾ കടിക്കുമോ എന്ന പേടിയിലാണ്. നാലുമണിക്കാറ്റ് പദ്ധതി ജീർണതയിലെത്തിച്ചു കൈയൊഴിയാതെ ബന്ധപ്പെട്ട അധികൃതർ ഇതിന് പരിഹാരം കാണേണ്ടിയിരിക്കുന്നു. ഇവിടെയുള്ള പാതകൾ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി. ഇപ്പോഴും വൈകുന്നേരങ്ങളിൽ കാറ്റേറ്റ് ഇരിക്കാൻ സ്ഥിരമായി കുറേപ്പേരെങ്കിലും എത്തുന്നുണ്ടെന്നതു ശ്രദ്ധേയമാണ്. അതേസമയം, ഇവർക്ക് ഇവിടെ ഇരിക്കണമെങ്കിൽ സുരക്ഷിതമായ ഇരിപ്പിടം പോലുമില്ല.