തെരുവുനായ ആക്രമണം; കൃഷിമന്ത്രിയുടെ ഡ്രൈവറുടെ നാക്കിലും ഭാര്യാമാതാവിന്റെ മൂക്കിലും കടിയേറ്റു

Mail This Article
അടൂർ ∙ മന്ത്രി പി.പ്രസാദിന്റെ ഡ്രൈവർ ഉൾപ്പെടെ 7 പേരെ നഗരമധ്യത്തിൽ തെരുവുനായ കടിച്ചു പരുക്കേൽപിച്ചു. മന്ത്രി പി.പ്രസാദിന്റെ ഡ്രൈവർ അടൂർ മേലൂട് മുകളുവിളയിൽ എം.ജി.ശശിയുടെ (54) നാക്കിലും ശശിയുടെ ഭാര്യാമാതാവ് അങ്ങാടിക്കൽ ചൂരപ്പണയിൽ ഭാരതിയുടെ (64) മൂക്കിനുമാണ് കടിയേറ്റത്. മുറ്റുള്ളവരുടെ കയ്യിലും കാലിനുമാണ് കടിയേറ്റത്. ഇന്നലെ 4.30ന് കെഎസ്ആർടിസി ജംക്‌ഷനും ജനറൽ ആശുപത്രിക്കുമിടയിലാണ് സംഭവം. പന്നിവിഴ സ്വദേശി അനുജ (43), കോട്ടപ്പുറം ശ്യാം (36), ചായലോട് സ്വദേശി ആൽവിൻ (11), ആനന്ദപ്പള്ളി സ്വദേശി ഗോപാലൻ (75), അടൂർ സ്വദേശി ജോർജുകുട്ടി (70) എന്നിവരാണ് ആക്രമണത്തിനിരയായ മറ്റുള്ളവർ. അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെഎസ്ആർടിസി ജംക്‌ഷൻ ഭാഗത്തു നിന്നവരെയാണ് ആദ്യം കടിച്ചത്. പിന്നീട് പാർഥസാരഥി ജംക്‌ഷനു സമീപത്തും ജനറൽ ആശുപത്രിയുടെ ഭാഗത്തു നിന്നവരെയും ആക്രമിച്ചു. ഡോക്ടറെ കണ്ട ശേഷം ജനറൽ ആശുപത്രിയുടെ മുൻപിലെ റോഡിൽ നിൽക്കുകയായിരുന്ന ഭാരതിയുടെ മൂക്കിൽ നായ ചാടിക്കടിക്കുകയായിരുന്നു. ഒച്ചവച്ച് ഓടിക്കാൻ ശ്രമിച്ചപ്പോൾ ചാടിവീണ് ശശിയുടെ നാക്കിൽ കടിക്കുകയായിരുന്നു. പിന്നീട് നായ എങ്ങോട്ടോ ഓടിപ്പോയി. അടൂർ നഗരത്തിൽ താവളമാക്കിയ നായ്ക്കൾ ജനങ്ങളെ ഓടിച്ചിട്ടു കടിക്കാൻ തുടങ്ങിയിട്ടും തുരത്താൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്.