മാലിന്യം തള്ളൽ കേന്ദ്രമായി കുമ്പഴ വലിയ തോട്; അധികൃതരേ, ഈ തള്ളൊന്ന് നിർത്താൻ നടപടിയില്ലേ...?

Mail This Article
കുമ്പഴ ∙ മാലിന്യ വാഹിനിയായി കുമ്പഴ മേഖലയിലെ വലിയ തോട്. മലയാലപ്പുഴ പഞ്ചായത്തിൽനിന്ന് ഒഴുകിവരുന്ന വലിയ തോട്ടിൽ പല ഭാഗത്തും ആഹാരാവശിഷ്ടങ്ങളും മത്സ്യ മാംസാവശിഷ്ടങ്ങളും നിരന്തരമായി തള്ളുന്ന സ്ഥിതിയാണെന്നു തോടിന്റെ തീരത്ത് താമസിക്കുന്നവർ പറയുന്നു. കുമ്പഴ മത്സ്യ മാർക്കറ്റിലെ കച്ചവടത്തിൽ പങ്കെടുക്കാൻ എത്തുന്നവരിൽ ചിലർ തലേന്ന് ബാക്കി വന്ന ഉപയോഗ ശൂന്യമായ മത്സ്യം ഈ തോടിന്റെ തീരത്താണ് തള്ളുന്നത്. പ്രദേശത്ത് പലയിടങ്ങളിലും മത്സ്യം മുറിച്ച് ഒരുക്കി നൽകുന്നുണ്ട്. ഇതിന്റെ അവശിഷ്ടങ്ങളും കച്ചവടക്കാർ തോട്ടിലേക്കാണ് തള്ളുന്നത്. കൂടാതെ തെർമോക്കോൾ പെട്ടികളും ചീഞ്ഞു തുടങ്ങിയ പച്ചക്കറി മാലിന്യവും തള്ളുന്നതും തോട്ടിൽ തന്നെ.
ഇങ്ങനെ മാലിന്യം തള്ളുന്നതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്ന വീടുകളിലെ കിണറുകളിലെ വെള്ളം ഉപയോഗ ശൂന്യമാകുന്നതായി ആരോപണം ഉയരുന്നുണ്ട്. വലിയതോട് ചെന്നു ചേരുന്നത് തുണ്ടുമൺകര പഴയ പാലത്തിനു സമീപത്തായി അച്ചൻകോവിൽ ആറ്റിലാണ്. ഇതിന് സമീപം തന്നെയാണ് കുമ്പഴ പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിനുള്ള വെള്ളം എടുക്കുന്ന പമ്പ് ഹൗസ്. സർവ മാലിന്യവും തള്ളുന്ന വലിയ തോട്ടിലെ വെള്ളം ഇവിടെ എത്തുന്നത് ജനങ്ങളെ രോഗികളാക്കുമെന്നാണ് ആക്ഷേപം.നഗരസഭയിൽ ആരോഗ്യ വിഭാഗത്തിലെ ജീവനക്കാർ കൃത്യമായി പരിശോധന നടത്തി മാലിന്യ പ്രശ്നത്തിനു പരിഹാരം കാണണമെന്നാണു നാട്ടുകാരുടെ ആവശ്യം.