ADVERTISEMENT

അടൂർ ∙ നഗരസഭാ വാഹനങ്ങളുടെ പരിപാലനത്തിൽ ഗുരുതരമായ വീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്. വാഹനങ്ങളുടെ പരിപാലനത്തിൽ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ വ്യവസ്ഥകൾ ഒന്നും കൃത്യമായി പാലിക്കുന്നില്ലെന്നാണ് 2022–2023ലെ ഓഡിറ്റിലെ കണ്ടെത്തൽ. ലോഗ് ബുക്ക് മാത്രമാണ് വാഹന ഉപയോഗം സംബന്ധിച്ച് നഗരസഭയിൽ സൂക്ഷിക്കുന്നത്. എന്നാൽ ചട്ടപ്രകാരം പെട്രോൾ, ഡീസൽ, ഓയിൽ തുടങ്ങിയവയുടെ ഓർഡർ ബുക്ക്, റിപ്പയർ റജിസ്റ്റർ, സ്റ്റോക് റജിസ്റ്റർ, ഫ്യൂവൽ റജിസ്റ്റർ എന്നിവ സൂക്ഷിക്കുന്നില്ലെന്നും ഓഡിറ്റിൽ ചൂണ്ടിക്കാട്ടുന്നു. ഓഫിസിൽ സൂക്ഷിച്ചിരിക്കുന്ന ലോഗ് ബുക്ക് കൃത്യമായി പരിപാലിക്കുന്നില്ല.

ഇതിൽ യാത്ര ചെയ്ത ആളിന്റെ ഒപ്പ് കൃത്യമായി രേഖപ്പെടുത്തുകയോ കസ്റ്റോഡിയൻ ഓഫിസർ സാക്ഷ്യപ്പെടുത്തുകയോ ചെയ്യുന്നില്ല, ഇന്ധനം നിറയ്ക്കുമ്പോൾ വിവരങ്ങൾ രേഖപ്പെടുത്തി കസ്റ്റോഡിയൻ ഓഫിസർ ഒപ്പുവയ്ക്കുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.മുൻ അർധ വർഷത്തിൽ ഓരോ വാഹനത്തിനും ചെലവായ തുകയെ സംബന്ധിച്ച് കസ്റ്റോഡിയൻ ഓഫിസർ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കണമെന്ന വ്യവസ്ഥയും പാലിക്കുന്നില്ല. വാഹനത്തിന്റെ ഇന്ധനക്ഷമതാ പരിശോധന വർഷത്തിൽ ഒരിക്കൽ നടത്തണമെന്ന സർക്കാർ ഉത്തരവും നടപ്പാക്കുന്നില്ല. ഇതു നടത്താത്തതിനാൽ ഓരോ മാസവും ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അളവ് രേഖപ്പെടുത്തി മാസാന്ത്യം സംക്ഷിപ്തം എഴുതി സാക്ഷ്യപ്പെടുത്തുന്നുമില്ല.

ഇന്ധന ഉപഭോഗത്തെ സംബന്ധിച്ചും യാത്ര ചെയ്ത ദൂരത്തെ സംബന്ധിച്ചുമുള്ള സംക്ഷിപ്ത കുറിപ്പ് ലോഗ് ബുക്കിൽ മാസത്തെ അവസാന ദിവസം രേഖപ്പെടുത്തി കസ്റ്റോഡിയൻ ഓഫിസർ സാക്ഷ്യപ്പെടുത്തുന്നുമില്ല.ചട്ടപ്രകാരം വാഹനങ്ങൾ മുനിസിപ്പാലിറ്റിയുടെ ഗാരിജിൽ സൂക്ഷിക്കേണ്ടതും കസ്റ്റോഡിയൻ ഓഫിസർ അതിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുമാണ്. എന്നാൽ നഗരസഭയിലെ വാഹനങ്ങൾ മഴയും വെയിലും ഏൽക്കാതെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഗാരിജുമില്ല. വാഹനത്തിൽ ഇന്ധനം നിറയ്ക്കുമ്പോൾ ഇന്ധനം നിറച്ച തീയതി, ടാങ്കിൽ ആകെയുള്ള‌ അളവ്, ആ സമയത്തെ കിലോമീറ്റർ റീഡിങ്, ഇന്ധനം നിറയ്ക്കുമ്പോൾ ഹാജരായിട്ടുള്ള ആളിന്റെ പേര്, ഉദ്യോഗപ്പേര്, ഒപ്പ് എന്നിവ ലോക് ബുക്കിൽ രേഖപ്പെടുത്തുന്നുമില്ല.

പതിനായിരം രൂപയ്ക്കു മുകളിൽ ചെലവു വരുന്ന അറ്റകുറ്റ പണികൾ നടത്തുമ്പോൾ മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ മുഖാന്തരമായിരിക്കണമെന്നാണ് വ്യവസ്ഥ. പക്ഷെ നഗരസഭയിൽ ആ വ്യവസ്ഥയും കാറ്റിൽപറത്തുന്നു. ഓഡിറ്റ് കാലയളവിൽ വിവിധ വാഹനങ്ങളുടെ അറ്റകുറ്റ പണികൾക്ക് 2,94,666 രൂപ ചെലവഴിച്ചത് മത്സരാധിഷ്ഠിത ക്വട്ടേഷൻ അടിസ്ഥാനത്തിലല്ലെന്നും ഓഡിറ്റിൽ പറയുന്നു. വാഹനങ്ങളുടെ അറ്റകുറ്റപ്പണികളുടെ പ്രതീക്ഷിക്കുന്ന മതിപ്പ് ചെലവ് മുനിസിപ്പൽ എൻജിനീയർ കണക്കാക്കുന്നില്ല. ഈ കണ്ടെത്തലുകൾക്കെല്ലാം പരിഹാര നടപടികൾ സ്വീകരിക്കേണ്ടതും വിശദാംശങ്ങൾ ഓഡിറ്റിന് ലഭ്യമാക്കേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com