ADVERTISEMENT

കോന്നി∙ എങ്ങുമെത്താതെ അച്ചൻകോവിലാറ്റിലെ കോന്നി അട്ടച്ചാക്കൽ – ചിറ്റൂർകടവിൽ മിനി പാലം നിർമാണം. 2016 ഫെബ്രുവരി 26 നാണ് മിനി പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. യു‍ഡിഎഫ് സർക്കാരിന്റെ കാലത്ത് റവന്യുവകുപ്പിന്റെ റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് അനുവദിച്ച 2.50 കോടി രൂപ ചെലവിൽ നിർമിതി കേന്ദ്രത്തിന്റെ ചുമതലയിലാണ് പണികൾ ആരംഭിച്ചത്.

ആറിന്റെ ഇരുവശങ്ങളിലുമായുള്ള പ്രധാന മൂന്ന് തൂണുകൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. പാലം പണിയിൽ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത ജില്ലാ നിർമിതി കേന്ദ്രത്തിന് പ്രവൃത്തി നൽകിയതും കരാറുകാരണ് പണം നൽകാതിരുന്നതും മൂലം കോടതി ഇടപെ‍ടലുണ്ടാകുകയും ചെയ്തു. ഇതോടെ പണികൾ പൂർണമായും നിലച്ചു. നാല് വർഷം മുൻപ് തുടർ പണികൾക്കായി ഒരു കോടി രൂപ അനുവദിച്ചുവെങ്കിലും നിലവിലെ തൂണുകൾ സുരക്ഷിതമല്ലെന്ന് പഠനം നടത്തിയ തിരുവനന്തപുരം സഹകരണ എൻജിനീയറിങ് കോളജ് വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു.

അതിനാൽ ഈ സർക്കാർ കഴിഞ്ഞ ബജറ്റിൽ പുതിയ പാലം നിർമാണത്തിനായി 12 കോടി രൂപ അനുവദിച്ചു. മരാമത്ത് പാലം വിഭാഗമാണ് നിർവഹണ ഏജൻസി. എല്ലാ വലിയ വാഹനങ്ങൾക്കും യാത്ര ചെയ്യാൻ കഴിയുന്ന നിലയിലാകും പുതിയ പാലത്തിന്റെ നിർമാണം. നദിയിൽ 5 സ്പാനും കരയിൽ 8 സ്പാനും ഉണ്ടാകും. 232.15 മീറ്റർ നീളവും ഇരുവശവും 1.5 മീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുമുണ്ടാകും.

സമീപനപാത 240 മീറ്ററിലും നിർമിക്കാനാണ് തീരുമാനം. പാലം യാഥാർഥ്യമാകുന്നതോടെ മലയാലപ്പുഴ, സീതത്തോട്‌, തണ്ണിത്തോട്‌, ഗവി മേഖലയിലേക്കുള്ള ഗതാഗതം സുഗമമാക്കും. ചിറ്റൂർ ജംക്‌ഷനിൽ നിന്നു ചിറ്റൂർ ക്ഷേത്രത്തിലേക്കും മലയാലപ്പുഴ, വടശേരിക്കര, റാന്നി പ്രദേശങ്ങളിലേക്കും കോന്നി മെഡിക്കൽ കോളജിലേക്കും യാത്രാ സൗകര്യം ഒരുക്കാൻ പാലം സഹായകരമാകും. മൂവാറ്റുപുഴ -പുനലൂർ സംസ്ഥാന പാതയെയും കോന്നി - വെട്ടൂർ - കുമ്പഴ പാതയെയും യോജിപ്പിക്കുന്നതാകും ഈ പാലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com