അപ്പർകുട്ടനാടിന് രണ്ടാംചുണ്ടൻ; ‘പുണ്യാളൻ നിരണം’ ഒരുങ്ങുന്നു

Mail This Article
തിരുവല്ല ∙ നിരണംചുണ്ടനു പിന്നാലെ അപ്പർകുട്ടനാട്ടുകാർക്ക് മറ്റൊരു ചുണ്ടൻവള്ളം കൂടി സ്വന്തമാകുന്നു. ‘പുണ്യാളൻ നിരണം’ എന്ന പേരിലാണ് വള്ളം നിർമിക്കുന്നത്. ഇതിനായുള്ള തടി ഇന്നലെ നിരണം ഇരത്തോട്ടിൽ എത്തിച്ചു. വള്ളസമിതി പ്രസിഡന്റ് റെന്നി ഫിലിപ്പോസ്, സെക്രട്ടറി റജി കുരുവിള, കെ.എം.കുഞ്ഞുമോൻ, ഷാജഹാൻ, അജിത് എന്നിവർ നേതൃത്വം നൽകി.
ഇരതോട് നിവാസികളുടെ ഉടമസ്ഥതയിലാണ് ‘പുണ്യാളൻ നിരണം’. അടൂർ പന്നിവിഴയിൽ നിന്നുമാണ് നൂറ് വർഷത്തിലേറെ പഴക്കമുള്ള ആഞ്ഞിലിത്തടി എത്തിച്ചത്. നിർമാണത്തിനായി 850 ക്യുബിക് അടി തടി വേണ്ടിവരും. വള്ളത്തിന് 128 അടി നീളവും 65 ഇഞ്ച് വീതിയുമാണ് രൂപകൽപനയിൽ പറയുന്നത്. 85 തുഴക്കാർ, 5 പങ്കായക്കാർ, 7 നിലയാളുകൾ എന്നിവരാണ് കണക്ക്. കോയിൽമുക്ക് സാബു ആചാരിയാണ് ശിൽപി.
43 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെ പണി പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. നിരണത്തുനിന്നുള്ള രണ്ടാമത്തെ ചുണ്ടൻ വള്ളമാണിത്. ആദ്യ ചുണ്ടാനായ നിരണം ചുണ്ടൻ 2 വർഷം മുൻപ് നീരണഞ്ഞു. ആലപ്പുഴ നെഹ്റു ട്രോഫി ഉൾപ്പെടെയുള്ള ജലമേളകളിൽ സാന്നിധ്യം അറിയിക്കുകയും ചെയ്തു.