യന്ത്രങ്ങളുമായി തൊഴിലാളികളും ഇടപാടുകാരും മടങ്ങി; കല്ലുകൾ നീക്കിയില്ല, അപകടക്കെണി

Mail This Article
റാന്നി ∙ മണ്ണെടുക്കാൻ കൊണ്ടുവന്ന യന്ത്രങ്ങളുമായി തൊഴിലാളികളും ഇടപാടുകാരും മടങ്ങി. വാഹന, കാൽനട യാത്രക്കാർക്കു ഭീഷണിയായ കല്ലുകൾ നീക്കാതെയുള്ള മടക്കം കെണിയായി. മഴക്കാലത്ത് കല്ലുകൾ ഒലിച്ച് റോഡിലേക്കു വീണ് അപകടം സംഭവിക്കാവുന്ന സ്ഥിതി. റാന്നി–കോഴഞ്ചേരി ശബരിമല പാതയിൽ ആയിക്കൽ വളവിലെ സ്ഥിതിയാണിത്. കുത്തനെ കിടക്കുന്ന മലയിടിച്ച് മണ്ണു നീക്കാൻ തുടങ്ങിയപ്പോൾ തന്നെ പരാതി ഉയർന്നിരുന്നു.
എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ മണ്ണുമാന്തികൾ ഉപയോഗിച്ച് മലയിടിച്ച് നിരപ്പാക്കി ലോറികളിൽ ലോഡുകണക്കിനു മണ്ണ് നീക്കി. മേൽ മണ്ണ് മാറിയപ്പോൾ അടിയിൽ ശേഷിച്ചത് പാറയാണ്. ഇതോടെ ഇടപാടുകാർ പണി നിർത്തി മടങ്ങി. മണ്ണെടുത്തപ്പോൾ ലഭിച്ച ഉരുളൻ കല്ലുകൾ കുത്തനെയുള്ള സ്ഥലത്ത് കൂട്ടിയിട്ടിരിക്കുകയാണ്. മഴ സമയത്ത് ഇതുവഴി വെള്ളം കുത്തിയൊലിക്കുന്നുണ്ട്.
കല്ലുകൾ ഉരുണ്ട് റോഡിൽ വീഴാനുള്ള സാധ്യത കൂടുതലാണ്. ഇത് അപകടങ്ങൾക്കിടയാക്കുമെന്നാണ് സമീപവാസികളുടെ ആശങ്ക. കൂടാതെ ഓട മൂടിയും മണ്ണു കിടക്കുകയാണ്. അതും നീക്കാതെയാണ് ഇടപാടുകാർ മടങ്ങിയതെന്ന് കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് വികസനസമിതി യോഗത്തിൽ പരാതി ഉയർന്നിരുന്നു.