വയസ്സ് 40; വീണ്ടെടുക്കുമോ പ്രതാപം ?

Mail This Article
പന്തളം ∙ ബസുകളും ജീവനക്കാരെയും മറ്റ് സ്റ്റേഷനുകളിലേക്ക് മാറ്റി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിനോടുള്ള അവഗണന തുടരുന്നതിനിടെ, ഗ്രാമീണ സർവീസുകൾ പുനരാരംഭിക്കുമെന്ന സർക്കാർ തീരുമാനത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് പന്തളം നിവാസികൾ. മന്ത്രി കെ.ബി.ഗണേശ് കുമാർ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.
സർവീസുകളുടെ സാധ്യത പരിശോധിച്ചു സാധ്യമായവയാണ് തുടങ്ങുക. പന്തളം–മങ്കുഴി സർവീസിന് ആദ്യ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. 1983ൽ 28 സർവീസുകളുമായി തുടങ്ങിയതാണ് പന്തളത്തെ സെന്റർ. ഇപ്പോൾ 13 സർവീസുകൾ മാത്രം. സ്വിഫ്റ്റ് പദ്ധതിക്കായി 5 ബസുകൾ മറ്റ് ഡിപ്പോകളിലേക്ക് നേരത്തെ മാറ്റി. പിന്നാലെ ജീവനക്കാരെയും. ഇപ്പോൾ 22 ഡ്രൈവർമാരും 28 കണ്ടക്ടർമാരുമാണുള്ളത്. 5 ഡ്രൈവർമാർ കൂടി ഉണ്ടെങ്കിലേ നിലവിലെ സർവീസ് സുഗമമായി നടത്താനാകൂ.
സർവീസുകൾ കൂട്ടിയാൽ കൂടുതൽ ജീവനക്കാരെയും വേണ്ടി വരും. ദിവസവും വൈകിട്ട് 6ന് നടത്തിയിരുന്ന പന്തളം–പമ്പ സർവീസും അടുത്തയിടെ നിർത്തി. എല്ലാ മലയാളമാസവും ഒന്നാം തീയതി മുതൽ 5 ദിവസം മാത്രമായി ഈ സർവീസ് ചുരുക്കുകയും ചെയ്തു. എറണാകുളം അമൃത, തിരുവനന്തപുരം, കോട്ടയം ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ മാത്രമാണ് ദീർഘദൂര സർവീസെന്ന് പറയാവുന്നത്.
പുതിയ കെട്ടിടത്തിന് വീണ്ടും ശ്രമം
ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ എംഎൽഎ ഫണ്ടിൽ നിന്നു 40 ലക്ഷം രൂപ പുതിയ കെട്ടിട നിർമാണത്തിനായി നേരത്തെ അനുവദിച്ചിരുന്നു. നിർമാണത്തിനു മുന്നോടിയായി പഴയ ഓഫിസ് കെട്ടിടം പൊളിച്ചു നീക്കുകയും ചെയ്തു. എന്നാൽ, ചില സാങ്കേതിക പ്രശ്നം മൂലം പദ്ധതി മുടങ്ങി. ഇതേ സ്ഥലത്ത് എംപി ഫണ്ട് വിനിയോഗിച്ചു ജനുവരിയിൽ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു. പുതിയ കെട്ടിടം നിർമിക്കാനാണ് വീണ്ടും ശ്രമം. ഇതിനുള്ള തടസ്സങ്ങളും തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ പരിഹരിച്ചു. സ്ഥലം നിശ്ചയിക്കാൻ പിഡബ്ല്യുഡി അധികൃതർ അടുത്തദിവസം പരിശോധന നടത്തും.
നിർത്തിയ ഗ്രാമീണ സർവീസുകൾ
പന്തളം–ഇലവുംതിട്ട–കോഴഞ്ചേരി
പന്തളം–കുളനട–പാണിൽ–കോഴഞ്ചേരി
പന്തളം–ചേരിക്കൽ
പന്തളം–മങ്കുഴി
പന്തളം–കോമല്ലൂർ–കായംകുളം
പടനിലം–കായംകുളം
നൂറനാട്–പള്ളിക്കൽ ക്ഷേത്രം
പന്തളം–കരുനാഗപ്പള്ളി
പച്ചക്കാട്–ഓച്ചിറ
താമരക്കുളം–പുറക്കാവ്
പന്തളം–എരുമേലി