പൂവത്തൂർ പടിഞ്ഞാറ് കരയ്ക്ക് പുതിയ പള്ളിയോടം അണിഞ്ഞൊരുങ്ങുന്നു
Mail This Article
കോഴഞ്ചേരി ∙ പള്ളിയോട പെരുമയെ ഭോപ്പാൽ ദേശീയ മ്യൂസിയത്തിൽ വരെയെത്തിച്ച പൂവത്തൂർ പടിഞ്ഞാറ് കരയുടെ പുതിയ പള്ളിയോടം അണിഞ്ഞൊരുങ്ങുന്നു. ചങ്ങംകരി വേണു ആചാരിയും മകൻ വിഷ്ണു വേണു ആചാരിയുമാണ് ശിൽപികൾ. പള്ളിയോടങ്ങളുടെ ആദ്യകാലം മുതലേ പൂവത്തൂർ പടിഞ്ഞാറ് കരയ്ക്ക് പള്ളിയോടമുണ്ട്. 1990 ലാണ് അന്നുണ്ടായിരുന്ന പള്ളിയോടം ചരിത്ര വസ്തുവായി ഭോപ്പാൽ ദേശീയ മ്യൂസിയത്തിനു നൽകിയത്. തൊട്ടടുത്ത വർഷം പുതിയ പള്ളിയോടം കരക്കാർ നീരിലറക്കി.
33 വർഷം കഴിഞ്ഞ പള്ളിയോടം മാറ്റി പുതിയത് നിർമിക്കാൻ തീരുമാനിച്ചത് കഴിഞ്ഞ വർഷമാണ്. കഴിഞ്ഞ ഡിസംബർ 16 ന് ളളികുത്തൽ ചടങ്ങ് നടത്തി. 7 മാസം കൊണ്ട് പള്ളിയോടത്തിന്റെ നിർമാണം മിക്കവാറും പൂർത്തിയായി. ഓണത്തിനു മുൻപ് നീറ്റിലിറക്കാനാണ് തീരുമാനം. നാൽപത്തിയേഴേകാൽ കോൽ നീളവും 68 അംഗുലം ഉടമയും 18 അടി അമരപ്പൊക്കവും 5 അടി അണിയപ്പൊക്കവുമുള്ള എ ബാച്ച് പള്ളിയോടമാണ് നിർമിക്കുന്നത്.
നിലവിലുള്ള പള്ളിയോടം 42 അടി നീളമുള്ളതായിരുന്നു. 1996 ൽ ഉത്തൃട്ടാതി ജലമേളയിൽ ഒന്നാം സ്ഥാനവും 1997ൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. പൂവത്തൂർ പടിഞ്ഞാറ് 571 ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് പള്ളിയോടം. ചങ്ങംകരി വേണു ആചാരി നിർമിക്കുന്ന 25 ാമത്തെ പള്ളിയോടമാണിതെന്ന പ്രത്യേകതയുണ്ട്.