പുതിയ പാലത്തിനും സമീപന റോഡിനും സ്ഥലം ഏറ്റെടുക്കാൻ 14.07 കോടി; പണം കിട്ടിയാൽ പണി നടക്കും

Mail This Article
റാന്നി ∙ പുതിയ പാലത്തിനും സമീപന റോഡിനും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 14.07 കോടി രൂപ അടിയന്തരമായി കിഫ്ബി അനുവദിച്ചാൽ മാത്രമേ കരാർ നടപടി പൂർത്തിയാക്കി നിർമാണം പുനരാരംഭിക്കാനാകൂ. പമ്പാനദിയിലെ റാന്നി പെരുമ്പുഴ, അങ്ങാടി ഉപാസന എന്നീ ബോട്ടുജെട്ടി കടവുകളെ ബന്ധിപ്പിച്ചാണ് പാലം നിർമിക്കുന്നത്. 317 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണ് പാലത്തിന്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പാലം പണിക്കായി കിഫ്ബി 26.76 കോടി രൂപ അനുവദിച്ചത്.
തുടർന്ന് കരാർ ചെയ്ത് 2020 മേയിൽ നിർമാണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ കരാറുകാരൻ പണി ഉപേക്ഷിച്ചു. സ്ഥലം ഏറ്റെടുത്തു കിട്ടാത്തതായിരുന്നു തടസ്സം. റവന്യു ലാൻഡ് അക്വിസിഷൻ വിഭാഗത്തെ സ്ഥലമെടുക്കാൻ ചുമതലപ്പെടുത്തിയെങ്കിലും നടപടി വൈകുകയായിരുന്നു. പെരുമ്പുഴ കരയിൽ 4 തൂണുകളാണ് പാലത്തിന്. ഇതിൽ 3 എണ്ണം പൂർത്തിയായി. ആറ്റിലെ 3 തൂണുകൾ ഭാഗികമായി നിർമിച്ചിട്ടുണ്ട്.
അങ്ങാടി കരയിൽ 4 തൂണുകളിൽ 2 എണ്ണം ഭാഗികമായി നിർമിച്ചു. 56 പൈലുകളിൽ 45ഉം 11 പിയറുകളിൽ 9ഉം 11 പിയർ ഹെഡുകളിൽ 6ഉം 28 ഗർഡറുകളിൽ 8ഉം നിർമിച്ചിട്ടുണ്ട്. ആർച്ച് പാലമാണ് നിർമിക്കുന്നത്. ആർച്ചിന്റെ പണി തുടങ്ങിയിരുന്നില്ല. റാന്നി വില്ലേജിൽ 132ഉം അങ്ങാടിയിൽ 20ഉം ഉടമകളുടെ ഭൂമിയാണ് പാലത്തിന് ഏറ്റെടുക്കേണ്ടത്. ഇതിൽ 22.11 ആർ സ്ഥലം നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം പരിവർത്തനത്തിന് അനുമതി ലഭിക്കേണ്ടിയിരുന്നു. ഇതിനും താമസം നേരിട്ടു.
അനുമതി ലഭിച്ച ശേഷമാണ് സ്ഥലത്തിനു വില നിശ്ചയിച്ചത്. ഭൂഉടമകൾക്കു നൽകാനുള്ള പണമാണ് കിഫ്ബി ഇനി അനുവദിക്കേണ്ടത് പാലത്തിന്റെ ശേഷിക്കുന്ന പണികൾക്കായി 24.70 കോടി രൂപയാണു വേണ്ടത്. അതു കിഫ്ബി ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപ് അനുവദിച്ചിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ കരാർ നടപടി ആരംഭിക്കാനാകൂ.