വീടിന് പിന്നിൽ നിന്ന് കഞ്ചാവ് ചെടികൾ പിടികൂടി
Mail This Article
സീതത്തോട് ∙ സീതക്കുഴി ലക്ഷം വീട് ജംക്‌ഷനു സമീപത്തെ വീടിനു പിന്നിൽ നിന്ന് 4 കഞ്ചാവ് ചെടികൾ ചിറ്റാർ എക്സൈസ് സംഘം പിടികൂടി. ചാരായ കേസിൽ റിമാൻഡിൽ കഴിയുന്ന ആളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിനോടു ചേർന്ന കിണറിന്റെ അടുത്തുനിന്നുമാണ് ചെടികൾ കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയ്ക്കു ചിറ്റാർ എക്സൈസ് ഇൻസ്പെക്ടർ പി.ജി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെടികൾ കണ്ടെത്തുന്നത്.
67 സെന്റി മീറ്റർ മുതൽ 80 സെന്റി മീറ്റർ വരെ നീളം വരുന്ന ഇവ പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്ത സ്ഥലത്താണ് വളർന്നു വന്നിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ പ്രദേശം കേന്ദ്രീകരിച്ച് കഞ്ചാവും ചാരായവും സുലഭമായി വിൽപന നടക്കുന്നു. അസി.എക്സൈസ് ഇൻസ്പെക്ടർ സി.കെ മനോജ് കുമാർ, പി.ശ്രീകുമാർ, അജയകുമാർ, ശാലിനി രാജൻ എന്നിവരും തിരച്ചിലിൽ പങ്കെടുത്തു.