തിരുവല്ലയിലെ കവലകൾക്ക് അഴകേറുന്നു

Mail This Article
തിരുവല്ല∙നഗരത്തിലെ ബൈപാസ് ജംക്‌ഷനുകൾക്ക് ഇനി മനം കുളിർപ്പിക്കുന്ന സൗന്ദര്യം. എംസി റോഡുമായി ബന്ധിപ്പിക്കുന്ന മഴുവങ്ങാട് കവല, ടി.കെ.റോഡുമായി ബന്ധിപ്പിക്കുന്ന ബി വൺ– ബി വൺ റോഡ്, രാമൻചിറ ജംക്‌ഷൻ എന്നിവിടങ്ങളിലാണ് ചെടികൾ വച്ച് സൗന്ദര്യവൽക്കരിക്കുന്നത്. ഇതിന്റെ ആദ്യപടിയായി ബി വൺ–ബി വൺ റോഡിൽ അലങ്കാരച്ചെടികൾ നിരന്നു കഴിഞ്ഞു.
നഗരത്തിലെ മൂന്ന് സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് സൗന്ദര്യവൽക്കരണം നടത്തുന്നത്. ബി വൺ റോഡിൽ ആരോഗ്യ നഗരത്തിലേക്ക് സ്വാഗതം എന്ന ബോർഡും ഉണ്ട്. പുൽത്തകിടിയുടെയും ചെടികളുടെയും പരിപാലനച്ചുമതല അതത് സ്ഥാപനങ്ങൾക്കാണ്.
കെഎസ്ടിപി ബൈപാസ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു.തുടർന്ന് ജില്ലാ വികസന സമിതി യോഗത്തിൽ മാത്യു ടി.തോമസ് എംഎൽഎ ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചിരുന്നു. ഇതേതുടർന്ന് ഗതാഗത ഉപദേശകസമിതി യോഗത്തിൽ തീരുമാനം എടുക്കുകയായിരുന്നു. ബൈപാസ് ജംക്‌ഷനുകളുടെ സൗന്ദര്യവൽക്കരണം ഉടൻ പൂർത്തിയാകും.