മുട്ടാർ, പാലത്തടം നിവാസികളുടെ വേഗവഴി മുടക്കി പന്തളം സർവീസ് സഹകരണബാങ്കിന് മുൻപിലെ വെള്ളക്കെട്ട്

Mail This Article
പന്തളം ∙ മുട്ടാർ, പാലത്തടം ഭാഗങ്ങളിലേക്കു നഗരസഭാ ബൈപാസ് റോഡിൽ നിന്നുള്ള എളുപ്പവഴിയായ ഉപറോഡിൽ മഴപെയ്താൽ വെള്ളക്കെട്ട് പതിവായി. കാൽനടയാത്രികരും ഇരുചക്രവാഹനയാത്രികരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. നഗരസഭയിലെ 26, 27, 28 വാർഡുകളെ പന്തളം ജംക്‌ഷനുമായി ബന്ധിപ്പിക്കുന്ന പ്രധാന ഉപറോഡുകളിലൊന്നാണിത്. ഈ മേഖലയിൽ നിന്നുള്ള വിദ്യാർഥികൾക്കും വഴിമുടങ്ങി.
റോഡിന്റെ തുടക്കത്തിൽ പന്തളം സർവീസ് സഹകരണ ബാങ്കിനു മുൻപിലാണ് ചെളിവെള്ളം കെട്ടിനിൽക്കുന്നത്. മഴ ശക്തമായതോടെ വെള്ളക്കെട്ട് പതിവായി. ബാങ്കിനോട് ചേർന്നുള്ള താഴ്ന്ന സ്ഥലം അടുത്തയിടെ മണ്ണിട്ടുയർത്തി. ഈ സ്ഥലമിപ്പോൾ പാർക്കിങ് മൈതാനമായി ഉപയോഗിക്കുകയാണ്.
ഇവിടെ മണ്ണിട്ടുയർത്തിയതിന് ശേഷമാണ് ഒഴുകിപ്പോകാൻ വഴിയില്ലാതെ വെള്ളം റോഡിൽ കെട്ടിനിൽക്കുന്നത്. റോഡ് ഉയർത്തി നിർമിക്കുകയോ വെള്ളമൊഴുകാനായി ഓട നിർമിക്കുകയോ വേണമെന്നാണ് ആവശ്യം. നഗരസഭ ഇതിനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.