റോഡ് ഉന്നത നിലവാരത്തിൽ നിർമിച്ചപ്പോൾ ടാറിങ് ഉയർന്നു; പാറയിൽപടി അപകടമേഖല

Mail This Article
പുറമറ്റം ∙ പുതുശേരി–പുറമറ്റം–കുമ്പനാട് റോഡിൽ മുണ്ടമല റോഡ് സന്ധിക്കുന്ന പാറയിൽപടി അപകടമേഖലയായി. പുതുശേരി–പുറമറ്റം–കുമ്പനാട് റോഡ് ഉന്നത നിലവാരത്തിൽ നിർമിച്ചപ്പോൾ ടാറിങ് ഉയർന്നതാണ് അപകടക്കെണിയാകുന്നത്. മുണ്ടമല റോഡിലെ ടാറിങ് താഴ്ന്നുകിടക്കുന്നതിനാൽ പ്രധാന പാതയിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്നത് ഏറെ ശ്രമകരമാണ്. 6 മാസത്തിനിടെ 7 വലിയ അപകടങ്ങളുണ്ടായി. ഒട്ടേറെ ചെറിയ അപകടങ്ങൾക്ക് പുറമേയാണിത്.
ഭാഗ്യംകൊണ്ടാണ് പലപ്പോഴും ജീവഹാനി സംഭവിക്കാതിരുന്നത്.രാവിലെയും വൈകിട്ടും ഒട്ടേറെ സ്കൂൾ ബസുകളും മറ്റു വാഹനങ്ങളും മുണ്ടമലയിൽനിന്നു കുമ്പനാട്, പുറമറ്റം ഭാഗത്തേക്കു പോകുന്നത് പാറയിൽപടിയിലൂടെയാണ്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് പൊതുമരാമത്ത് പരാതി പരിഹാര സെല്ലിലേക്ക് മുണ്ടമല ഗ്രാമവികസന സമിതി പരാതി സമർപ്പിച്ചിരുന്നു. "അപകടമേഖല" എന്ന് രേഖപ്പെടുത്തിയ 2 ബോർഡ് മാത്രമാണ് സ്ഥാപിച്ചത്. മുണ്ടമല റോഡിന്റെ കുറേഭാഗം പുതുശേരി–പുറമറ്റം–കുമ്പനാട് റോഡിന്റെ ഉയരത്തിൽ നിർമിച്ചാൽ മാത്രമേ അപകടമൊഴിവാക്കാൻ കഴിയൂ.