സ്ഥലം സംബന്ധിച്ച പ്രശ്നം; കോഴഞ്ചേരി സമാന്തര പാലം പണി വൈകുന്നു

Mail This Article
കോഴഞ്ചേരി ∙ സമീപന പാതയുടെ സ്ഥലം സംബന്ധിച്ച പ്രശ്നങ്ങൾ കോഴഞ്ചേരി സമാന്തര പാലത്തിന്റെ പണികൾ വൈകാൻ കാരണമായി. കാലവർഷം തുടരുന്നതിനാൽ പുഴയിലെ ജോലികൾ ഇപ്പോൾ ചെയ്യാൻ കഴിയില്ല. നദിയിലെ തൂണിന്റെ മുകളിലുള്ള എൻബ്രൈഡറിന്റെ നിർമാണത്തിനുള്ള സാമഗ്രികൾ സ്ഥലത്ത് എത്തിച്ചെങ്കിലും നദിയിൽ ജലനിരപ്പ് ഉയർന്നതു കാരണം പണികൾ തുടങ്ങാൻ കഴിഞ്ഞില്ല. ഫെബ്രുവരി അവസാനം മാരാമൺ കൺവൻഷനു ശേഷമാണ് മുടങ്ങിക്കിടന്ന പണികൾ പുനരാരംഭിച്ചത്. നദിയിൽ 4 തൂണുകളും 2 എൻബ്രൈഡറുകളും മാത്രമാണ് നേരത്തേ പൂർത്തിയായിരുന്നത്.
മാരാമൺ ഭാഗത്തെ സ്ഥലം ഏറ്റെടുത്തു സമീപന പാതയുടെ പണികൾ നടക്കുന്നു. പാലത്തിന് 3 ലാൻഡ് സ്പാനുകളാണ് വേണ്ടത്. മാരാമൺ ഭാഗത്ത് ഒന്നും കോഴഞ്ചേരി ഭാഗത്ത് രണ്ടും. ഇതിൽ മാരാമൺ ഭാഗത്തെ സ്പാനിന്റെ കോൺക്രീറ്റിങ് ഒരാഴ്ചയ്ക്കുള്ളിൽ നടക്കുമെന്നാണ് അധികൃതർ പറയുന്നത്. പാർശ്വഭിത്തികളുടെ നിർമാണവും നടന്നുവരികയാണ്. കോഴഞ്ചേരി ഭാഗത്തെ സമാപന പാതയ്ക്കു സ്ഥലം ലഭ്യമാക്കി കലക്ടർ ഉത്തരവിട്ടെങ്കിലും നടപടികൾ തുടങ്ങിയിട്ടില്ല. പോസ്റ്റ് ഓഫിസ് നിൽക്കുന്ന സ്ഥലത്ത് അളന്നു കല്ലിട്ടെങ്കിലും റോഡ് രൂപീകരണം ചെയ്തിട്ടില്ല. 2 ലാൻഡ് സ്പാനുകളും ഇവിടെ നിർമിക്കാനുണ്ട്. പാലത്തിന്റെ കോഴഞ്ചേരി ഭാഗത്തെ നിർമാണം ഒന്നുമാകാത്ത നിലയിലാണ് ഇപ്പോഴും.