ജനറൽ ആശുപത്രി നിർമാണം: എംസി റോഡിൽ ചെളിവെള്ളം
Mail This Article
അടൂർ ∙ ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിടം നിർമാണം നടക്കുന്നിടത്തു നിന്നുള്ള ചെളിവെള്ളം എംസി റോഡിലേക്ക് ഒഴുക്കി വിട്ടത് വ്യാപാരികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. ഇന്നലെ രാവിലെയാണ് നിർമാണ സ്ഥലത്തുള്ള ചെളിവെള്ളം പമ്പ് ചെയ്ത് റോഡിലേക്ക് ഒഴുക്കി വിട്ടത്. ഈ അഴുക്കു വെള്ളം വ്യാപാര സ്ഥാപനത്തിന്റെ മുന്നിലൂടെ ഒഴുകിയതിനാൽ കടകളിലേക്ക് കയറാൻ പോലും പറ്റില്ലായിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് നിലച്ചപ്പോൾ കടകൾക്കു മുൻപിൽ ചെളിനിറയുകയും ചെയ്തു. ഇതിൽ ചവിട്ടുമ്പോൾ തെന്നി വീഴുന്ന സ്ഥിതിയുമുണ്ടായി. റോഡരികിലൂടെ നടന്നിരുന്ന യാത്രക്കാർ ചെളിവെള്ളമായതിനാൽ റോഡിലേക്ക് ഇറക്കി നടക്കേണ്ടി വന്നത് അപകടത്തിനു കാരണമായി. ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് റോഡിലേക്ക് ചെളിവെള്ളം ഒഴുക്കിവിടുന്നത് പണിക്കാർ നിർത്തിയത്.