ADVERTISEMENT

കീക്കൊഴൂർ ∙ ‘ പുതമൺ താൽക്കാലിക പാതയിലൂടെ കടന്നു പോകുന്നവർ ജാഗ്രതൈ, വാഹനങ്ങൾ റോഡിൽ പുതയാനിടയുണ്ട്.’ എന്നൊരു അപകട മുന്നറിയിപ്പ് ബോർ‌ഡ് പിഡബ്ല്യുഡി പാലം വിഭാഗം റോഡിൽ സ്ഥാപിച്ചാലും അതിശയോക്തിയില്ല. പാറമക്കും ടാറിങ് മിശ്രിതവും തുടരെ ഇടുമ്പോഴും റോഡ് ഇരുത്തുന്നതാണ് യാത്രക്കാർക്കു കെണിയാകുന്നത്. റോഡിനായി വിട്ടു കൊടുത്ത സ്ഥലം തിരികെ നൽകണമെന്ന് ഉടമകളും കരാർ പുതുക്കി നൽകണമെന്ന് പിഡബ്ല്യുഡി പാലം വിഭാഗവും ആവശ്യപ്പെടുമ്പോഴാണ് ഈ സ്ഥിതി. 

തകർ‌ച്ച നേരിടുന്ന പുതമൺ പാലത്തിന്റെ സമീപന റോഡിൽ രൂപപ്പെട്ടിരിക്കുന്ന കുഴികൾ.
തകർ‌ച്ച നേരിടുന്ന പുതമൺ പാലത്തിന്റെ സമീപന റോഡിൽ രൂപപ്പെട്ടിരിക്കുന്ന കുഴികൾ.

റാന്നി–കോഴഞ്ചേരി പാതയിലെ പുതമൺ പാലത്തിനു തകർച്ച നേരിട്ടപ്പോൾ ബദൽ സംവിധാനമെന്ന നിലയിൽ കഴിഞ്ഞ ശബരിമല തീർഥാടന കാലത്തു നിർമിച്ചതാണ് താൽക്കാലിക റോഡ്. 30.5 ലക്ഷം രൂപ ചെലവഴിച്ചാണ് തോട്ടിൽ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച ശേഷം റോഡ് പണിതത്. പുതമൺ കരയിൽ വയൽ മണ്ണിട്ടുയർത്തിയും എതിർ വശത്ത് റബർ മരങ്ങൾ മുറിച്ചു നീക്കിയുമാണ് റോഡ് നിർമിച്ചത്. വലിയ വാഹനങ്ങളിൽ ബസുകൾ മാത്രമാണ് പാലത്തിലൂടെ കടന്നു പോകുന്നത്. മറ്റുള്ളവ പേരൂച്ചാൽ പാലം കടന്ന് ചെറുകോൽപുഴ വഴിയാണ് കോഴഞ്ചേരിക്കു പോകുന്നത്. 

വാഹനങ്ങൾ തുടരെ ഓടി റോഡ് ഇരുത്തുകയാണ്. പാറമക്കിട്ട് നിരപ്പാക്കിയാണ് വാഹനങ്ങൾ‌ ആദ്യം കടത്തി വിട്ടത്. അവ ഇരുത്തി കിടങ്ങുകൾ രൂപപ്പെട്ടിരുന്നു. പിന്നീട് വാഹനങ്ങൾ തള്ളിക്കയറ്റുകയായിരുന്നു. പരാതി വർധിച്ചപ്പോൾ ടാറിങ് മിശ്രിതമിട്ട് ഉറപ്പിച്ചു. അതിനും അധികകാലം ആയുസ്സുണ്ടായില്ല. പിന്നീട് വീണ്ടും പാറമക്കിട്ടു. അവയും ഇരുത്തുകയാണ്. പല ഭാഗത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വാഹന യാത്ര തടസ്സപ്പെടുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ. ചെറിയ വാഹനങ്ങൾ തകർ‌ച്ച നേരിടുന്ന പാലത്തിന്റെ വശത്തു കൂടി ഇപ്പോഴും കടന്നു പോകുന്നുണ്ട്. ഈ ഭാഗത്ത് റോഡ് തകർന്ന് കുഴികൾ തെളിഞ്ഞിരിക്കുകയാണ്. അതും വാഹന യാത്രക്കാർക്കു കെണിയായി മാറുകയാണ്. 

താൽക്കാലിക റോഡിനായി ഒരു വർഷത്തേക്കാണ് ഉടമകൾ സൗജന്യമായി സ്ഥലം വിട്ടു കൊടുത്തത്. ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർസന്തോഷ് ഇടപെട്ടാണ് കരാർ പ്രകാരം സ്ഥലം ലഭ്യമാക്കിയത്. ഒരു വർഷത്തിനകം പുതിയ പാലം നിർമിക്കുമെന്നായിരുന്നു വിശ്വാസം. അതു സാധ്യമായില്ല. കരാർ നടപടിയും പൂർത്തിയായിട്ടില്ല. സ്ഥലം തിരികെ നൽകണമെന്ന് ഉടമകൾ ആവശ്യപ്പെടുകയാണെന്ന് സന്തോഷ് പറഞ്ഞു. ഇതേ സമയം തന്നെ കരാർ പുതുക്കി നൽകാൻ പിഡബ്ല്യുഡി പാലം വിഭാഗവും ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ പാലം നിർമിച്ച് ഇതിനു പരിഹാരം കാണണമെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com