കാലം കഴിഞ്ഞു: ഉപയോഗമില്ലാതെ മോട്ടർ വാഹന–മൃഗസംരക്ഷണ വകുപ്പുകളുടെ വാഹനങ്ങൾ ‘സ്ഥിരം പാർക്കിങ്ങിൽ’

Mail This Article
മല്ലപ്പള്ളി ∙ മോട്ടർ വാഹന–മൃഗസംരക്ഷണ വകുപ്പുകളുടെ വാഹനങ്ങൾ മിനി സിവിൽ സ്റ്റേഷൻ കെട്ടിടപരിസരത്തു കിടന്നു നശിക്കുന്നു.ഇരുവകുപ്പുകളുടെയും വാഹനങ്ങൾ 15 വർഷം പിന്നിട്ടതാണ്. ഇതോടെയാണു നിരത്തിലിറക്കാൻ കഴിയാതായത്. മോട്ടർ വാഹനവകുപ്പിന്റെ വാഹനം മേയ് 29ന് ആണു കാലാവധി പൂർത്തിയായത്. മൃഗസംരക്ഷണവകുപ്പിന്റെ വാഹനം ഓടാതായിട്ട് 3 വർഷത്തിലേറെയായി. മിനി സിവിൽ സ്റ്റേഷൻ പരിസരത്തു നിർമിച്ചിട്ടുള്ള പാർക്കിങ് സ്ഥലത്താണ് 2 വാഹനങ്ങളും കിടക്കുന്നത്. പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ജീപ്പിനു പകരം പുതിയത് ഇതുവരെയായും ലഭിച്ചിട്ടില്ല.

മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലെ മൃഗാശുപത്രികൾക്ക് ആവശ്യമായ മരുന്നും മറ്റ് അനുബന്ധ സാധനസാമഗ്രികളും ജില്ലാ ആസ്ഥാനത്തുനിന്നു മല്ലപ്പള്ളിയിലെ കേന്ദ്രത്തിൽ എത്തിച്ചിരുന്നതും ഇവിടെനിന്നു വിതരണം ചെയ്യുന്നതിനും ഉപയോഗിച്ചിരുന്ന ജീപ്പാണു കാലഹരണപ്പെട്ടത്. ഇക്കാരണത്താൽ വാഹനം വാടകയ്ക്കെടുത്താണു മരുന്നുകളും മറ്റും വർഷങ്ങളായി യഥാസ്ഥാനത്ത് എത്തിച്ചുകൊണ്ടിരിക്കുന്നത്.

പൊതുമരാമത്ത് സെക്‌ഷന്റെ (നിരത്തുവിഭാഗം) ഉടമസ്ഥതയിലുള്ള റോഡ് റോളർ മഴയും വെയിലുമേറ്റു കിടക്കാൻ തുടങ്ങിയിട്ടു വർഷങ്ങളേറെയായി. മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ സ്ഥലം അപഹരിച്ചു കിടക്കുന്ന വാഹനങ്ങളും റോളറും ലേലം ചെയ്തു സർക്കാരിനു മുതൽക്കൂട്ടാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
പരിശോധിക്കാൻ പോകാൻ വാഹനമില്ല!
നിയമലംഘനം നടത്തുന്നവരെ പിടികൂടുന്നതിനും മറ്റു പരിശോധനകൾ നടത്തുന്നതിനും പോകുന്നതിനു മോട്ടർ വാഹനവകുപ്പിനു വാഹനമില്ലാത്ത സ്ഥിതിയാണിപ്പോൾ. പലപ്പോഴും സ്വന്തം വാഹനങ്ങളോ, വാടക വാഹനങ്ങളോ ഉപയോഗിക്കേണ്ടി വരുന്നു. പരിശോധനയില്ലാത്തതിനാൽ രേഖകളില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതും നിയമലംഘനങ്ങളും വർധിച്ചതായും പരാതിയുണ്ട‌്.