ഉയരമുള്ള വാഹനങ്ങൾക്ക് തടസ്സമായി പിഐപി നീർപാലം

Mail This Article
റാന്നി ∙ ആയിരം കോടിയിലധികം രൂപ ചെലവഴിച്ച് പുനലൂർ–മൂവാറ്റുപുഴ പാത നവീകരിച്ചിട്ടും ഉയരം കൂടിയ കണ്ടെയ്നർ അടക്കമുള്ള വാഹനങ്ങൾ കടന്നു പോകാൻ വേറെ മാർഗം നോക്കണമെന്ന സ്ഥിതി. വിഴിഞ്ഞം തുറമുഖം സജ്ജമാകുമ്പോഴാണ് ഉതിമൂട് വലിയകലുങ്കിലെ പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) നീർപ്പാലം വില്ലനാകുന്നത്. പുനലൂർ–മൂവാറ്റുപുഴ പാതയ്ക്കു കുറുകെയാണ് പിഐപി നീർപ്പാലം നിർമിച്ചിട്ടുള്ളത്. ഇതിനു പാതയുടെ ഉപരിതലത്തിൽ നിന്ന് ഉയരം കുറവാണ്. ഇതാണ് ഉയരം കൂടിയ വാഹനങ്ങൾ കടന്നു പോകാൻ തടസ്സമാകുന്നത്. അവ നീർപ്പാലത്തിൽ ഉടക്കുകയാണ്. മണ്ണുമാന്തിയും കയറ്റി വന്ന ലോറി നീർപ്പാലത്തിനടിയിലൂടെ ചൊവ്വാഴ്ച വൈകിട്ട് കടന്നു പോയത് വളരെ ബുദ്ധിമുട്ടിയാണ്. ഇതേ സ്ഥിതിയാണ് ചരക്കുമായെത്തുന്ന കണ്ടെയ്നറുകളും വൈക്കോൽ കയറ്റിവരുന്ന ലോറികളും നേരിടുന്നത്.
നീർപ്പാലത്തിനു മുന്നിലെത്തുമ്പോഴാണ് ഉയരമുള്ള വാഹനങ്ങൾ കടന്നു പോകാനാകില്ലെന്ന് അറിയുന്നത്. പിന്നീട് തിരികെ പോകുകയാണ്. മന്ദിരം ജംക്ഷനിൽ നിന്ന് തിരിഞ്ഞ് കന്നാംപാലം വഴി മണ്ണാരക്കുളഞ്ഞിയിലെത്തിയാണ് അവ പിന്നീട് പോകുന്നത്. കോന്നി–പ്ലാച്ചേരി പാതയുടെ നിർമാണ സമയത്തു തന്നെ ദുരവസ്ഥ റാന്നിയിലെത്തിയ മന്ത്രി മുഹമ്മദ് റിയാസിനെ ധരിപ്പിച്ചിരുന്നു. മേൽപാലം നിർമിക്കുന്നതു പരിഗണിക്കുമെന്ന് മന്ത്രി അന്നു പറഞ്ഞിരുന്നു. എന്നാൽ ഇതേപ്പറ്റി പഠനം നടത്തുകയോ ഫണ്ട് അനുവദിക്കുകയോ ചെയ്തില്ല. പാതയുടെ നിർമാണത്തിനു രൂപരേഖ തയാറാക്കിയ കെഎസ്ടിപിയും ഇതു പരിഗണിച്ചില്ല.