3 വർഷമായി കാത്തിരിപ്പ്; ഇനിയും ‘സ്മാർട്ടാകാതെ’ ചെന്നീർക്കര വില്ലേജ് ഓഫിസ്

Mail This Article
പത്തനംതിട്ട ∙ നിർമാണോദ്ഘാടനം കഴിഞ്ഞിട്ട് മൂന്നു വർഷം, ഇനിയും സ്മാർട്ടാകാതെ ചെന്നീർക്കര വില്ലേജ് ഓഫിസ്. 2021 ഫെബ്രുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർമാണോദ്ഘാടനം നിർവഹിച്ച പുതിയ വില്ലേജ് ഓഫിസ് കെട്ടിടമാണ് ഇന്നും പൂർത്തിയാകാതെ കിടക്കുന്നത്. ഇതിനൊപ്പം നിർമാണോദ്ഘാടനം നടത്തിയ മറ്റു വില്ലേജ് ഓഫിസുകളുടെ പണി പൂർത്തിയാക്കി ഇന്നലെ ഉദ്ഘാടനം നടത്തി.
മഴക്കാലത്ത് ചോർന്നൊലിച്ചു ബലക്ഷയമായതോടെയാണ് 1984ൽ നിർമിച്ച കെട്ടിടം 48 ലക്ഷം രൂപ ചെലവിട്ട് സൗകര്യപ്രദമായ രീതിയിൽ പുതുക്കി നിർമിക്കാൻ പദ്ധതി തയാറാക്കിയത്. ഊന്നുകൽ ജംക്‌ഷനു സമീപം മുറിപ്പാറ കേന്ദ്രീയ വിദ്യാലയ റോഡിനോടു ചേർന്നാണ് വില്ലേജ് ഓഫിസ് പ്രവർത്തിച്ചു വന്നത്. ഇവിടെ തന്നെയാണ് പുതിയ കെട്ടിടവും നിർമിക്കാൻ പദ്ധതിയിട്ടത്.
അതിനെ തുടർന്ന് വില്ലേജ് ഓഫിസ് പ്രവർത്തനങ്ങൾ 2022 ജൂൺ 10ന് സർക്കാർ ഹോമിയോ ഡിസ്പെൻസറിക്ക് എതിർവശത്തെ സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കു മാറ്റി. താൽക്കാലിക സംവിധാനമായതുകൊണ്ട് അത്യാവശ്യം വേണ്ട ഫർണിച്ചർ മാത്രമാണ് ഇവിടേക്ക് എത്തിച്ചത്. ഫയലുകളും മറ്റും സൂക്ഷിക്കേണ്ട റാക്കും മറ്റും ഒന്നാം നിലയിലേക്കുള്ള ഗോവണിക്കു കീഴിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫയലുകളും മറ്റും നിലത്തു വച്ചും ചാക്കുകളിൽ കെട്ടിയുമാണ് ഓഫിസിൽ സൂക്ഷിച്ചിരിക്കുന്നത്.ആറ് ജീവനക്കാർ പരിമിത സൗകര്യത്തിലാണ് ജോലി ചെയ്യുന്നത്.
വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരും ഈ അസൗകര്യങ്ങൾ സഹിക്കുകയാണ്.നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത നിർമിതി കേന്ദ്രം കരാറുകാരനെ ചുമതല ഏൽപിച്ചു. ഇവർക്ക് കരാർ അനുസരിച്ചുള്ള തുക കൃത്യമായി നൽകാത്തതാണ് നിർമാണ പ്രവർത്തനങ്ങൾ മുടങ്ങാൻ കാരണമെന്നാണ് ആരോപണം.എന്നാൽ അടുത്തിടെ കെട്ടിടത്തിന്റെ മുകൾ നിലയിൽ ഒരു മുറി കൂടി വാർക്കുന്ന പ്രവൃത്തി നടത്തിയിരുന്നു. സിമന്റ് കട്ട ഉപയോഗിച്ച് ഭിത്തി കെട്ടി മേൽക്കൂര വാർത്തു എന്നത് ഒഴിച്ച് മറ്റ് ഒരു പ്രവൃത്തികളും ഇവിടെ നടന്നിട്ടില്ല.