ഗവി റൂട്ടിൽ കാറുകൾക്കു നേരെ കാട്ടാന; യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Mail This Article
സീതത്തോട് ∙ ഗവി കാണാനെത്തിയവർ സഞ്ചരിച്ച 2 കാറുകൾക്കു നേരെ കാട്ടാനയുടെ ആക്രമണം. ഇരു കാറുകളും മറിച്ചിടാൻ ശ്രമിച്ചെങ്കിലും പെട്ടെന്നു മുന്നോട്ട് ഓടിച്ച് മാറ്റിയതു മൂലം അപകടം ഒഴിവായി. ആങ്ങമൂഴി - ഗവി റോഡിൽ ആനത്തോട് ഐസി ടണലിനു സമീപം ഇന്നലെ ഉച്ചയ്ക്കു 2നാണ് സംഭവം. ഗൂഡ്രിക്കൽ റേഞ്ചിലെ കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്കു പോയ കോട്ടയം, കുറവിലങ്ങാട് സ്വദേശികൾ സഞ്ചരിച്ച കാറുകളാണ് കാട്ടാന ആക്രമിച്ചത്.
റോഡിൽ നിൽക്കുകയായിരുന്ന പിടിയാന കാറുകൾ കണ്ടപ്പോൾ ഓടിയടുക്കുകയായിരുന്നെന്ന് യാത്രക്കാർ പറയുന്നു. ഇരു കാറുകളിലും കുട്ടികളടക്കം 6 പേർ വീതമുണ്ടായിരുന്നു.ആദ്യം കോട്ടയം സ്വദേശികളുടെ വാഹനത്തിനു നേർക്കു തിരിഞ്ഞ കാട്ടാന മുൻവശത്തെ ബംപർ അടക്കം കേടുപാടുകൾ വരുത്തി. കാറിന്റെ പുറത്ത് കയറി ഇരിക്കാനും തള്ളി മാറ്റാനും ശ്രമിച്ചു.
ഈ കാറിനു പിന്നാലെ വളവ് തിരിഞ്ഞ് എത്തുമ്പോഴാണ് കുറവിലങ്ങാട് സ്വദേശികളായ രാഹുൽ സെബാസ്റ്റ്യൻ ഓടിച്ച കാറും ആനയുടെ മുന്നിൽപ്പെടുന്നത്. ബോണറ്റിൽ ഇടിച്ച ആന, കാർ പിന്നോട്ട് എടുത്തപ്പോഴേക്കും ഇടതു വശം വഴിയെത്തി വാഹനം മറിക്കാനും ശ്രമിച്ചു. നിമിഷങ്ങൾക്കകം കാർ മുന്നോട്ട് ഓടിച്ചു മാറ്റിയതു കാരണം വൻ അപകടം ഒഴിവായി. സംഭവം അറിഞ്ഞയുടൻ ഗവി സ്റ്റേഷനിൽനിന്നു വനപാലകരും സ്ഥലത്ത് എത്തിയിരുന്നു.
ഇരു കാറുകളിലുമുള്ളവർ ഗവി പെരിയാർ കടുവ സങ്കേതം കിഴക്ക് ഫോറസ്റ്റ് സ്റ്റേഷനിൽ സംഭവം റിപ്പോർട്ട് ചെയ്ത ശേഷമാണ് യാത്ര തുടർന്നത്.കുറെ ദിവസങ്ങളായി ഈ കാട്ടാന റോഡിൽ തന്നെയുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പകൽ പത്തനംതിട്ട – ഗവി – കുമളി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനെ ആക്രമിക്കാനും ശ്രമിച്ചു. ബസ് പിന്നോട്ട് പെട്ടെന്ന് ഓടിച്ച് മാറി രക്ഷപ്പെടുകയായിരുന്നു. ഇന്ന് സ്ഥലം പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ നിരീക്ഷണം ശക്തമാക്കുമെന്ന് ഗൂഡ്രിക്കൽ റേഞ്ച് ഓഫിസർ എ.എസ്.അശോക് പറഞ്ഞു.