ADVERTISEMENT

പത്തനംതിട്ട ∙  ജില്ലയിൽ വീണ്ടും മഴ കനത്തതോടെ ജാഗ്രതാ നിർദേശം. കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി മഴ ശക്തമായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ മലയോര മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.രാവിലെ മുതൽ ഓറഞ്ച് ജാഗ്രതാ നിർദേശവും നിലവിലുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ തന്നെ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു.

ഇടവിട്ട് ശക്തമായി മഴ പെയ്യുന്നുണ്ട്. ജില്ലയിലെ എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതിൽ പമ്പാനദി കരകവിഞ്ഞു താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറി.കേന്ദ്ര ജല കമ്മിഷന്റെ  അയിരൂർ കുരുടാമണ്ണിൽ ഭാഗത്തെ കണക്ക് അനുസരിച്ച് പമ്പാനദിയിലെ ജലനിരപ്പ് അപകട മുന്നറിയിപ്പിനു മുകളിലായി ഉയർന്നു. അതേസമയം മണിമല, അച്ചൻകോവിൽ  നദികളിലെ ജലനിരപ്പ് പമ്പയുടെ അത്രയും ഉയർന്നിട്ടില്ല.

മണിയാർ അണക്കെട്ടിലെ  ജലനിരപ്പ് ഉയർന്നതിനാൽ 3 സ്പിൽവേ ഷട്ടറുകളും 100 സെന്റീമീറ്റർ വരെ ഉയർത്തും. ഇതുമൂലം കക്കാട്ടാറ്റിൽ ജലനിരപ്പ് 50 സെന്റീമീറ്റർ വരെ ഉയരുമെന്ന ജാഗ്രതാ നിർദേശമുണ്ട്.  മഴ ശക്തമായതിനാൽ രാത്രി 7 മുതൽ രാവിലെ 7 വരെ ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള യാത്രകൾക്ക് കലക്ടർ നിരോധനം ഏർപ്പെടുത്തി. കൂടാതെ കുട്ടവഞ്ചി സവാരി, ബോട്ടിങ്, ട്രക്കിങ് എന്നിവ ഓഗസ്റ്റ് 6 വരെ നിരോധിച്ചിട്ടുണ്ട്.

കല്ലേലി – കൊക്കാത്തോട് റോഡിൽ കറ്റിക്കുഴിയിൽ മരം കടപുഴകി വീണ് രാവിലെ ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് നാട്ടുകാർ മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.‌∙ശക്തമായ മഴ തുടരുന്നതിനാൽ പന്തളത്തെ പടിഞ്ഞാറൻ മേഖലയിൽ വീണ്ടും ആശങ്ക. അച്ചൻകോവിലാറ്റിൽ നാലടിയോളം വെള്ളമുയർന്നു. ഐരാണിക്കുടി തോട് വഴി ചിറ്റിലപ്പാടത്ത് വെള്ളം നിറഞ്ഞാൽ മുടിയൂർക്കോണം, നാഥനടിക്കളം, ചെറുമല, ചേരിക്കൽ ഭാഗങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. എന്നാൽ, നിലവിൽ വെള്ളപ്പൊക്ക ഭീഷണിയില്ലെന്ന് അധികൃതർ പറഞ്ഞു.

കൊക്കാത്തോട് റോഡിൽ കറ്റിക്കുഴിയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ.
കൊക്കാത്തോട് റോഡിൽ കറ്റിക്കുഴിയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ.

ഉദ്യോഗസ്ഥർ ഹാജരാകണം  
ഓഗസ്റ്റ് 5 വരെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫിസിൽ ഹാജരാകണമെന്നു കലക്ടർ ഉത്തരവിട്ടു. ഓഗസ്റ്റ് 5 വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവർത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമിക്കുക, നിർമാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവർത്തനങ്ങളും നിരോധിച്ചു.

കോസ്‌വേകളിൽ വെള്ളം കയറി
റാന്നി താലൂക്കിൽ പമ്പാനദിയിലെ അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി, മുക്കം എന്നീ കോസ്‌വേകളിൽ വെള്ളം കയറി. അരയാഞ്ഞിലിമണ്ണ് ഒറ്റപ്പെട്ടു. അരയാഞ്ഞിലിമണ്ണിൽ നിൽക്കേണ്ട ഗ്രാമവണ്ടിയുടെ യാത്രയും തടസ്സപ്പെട്ടു. പുതമൺ താൽക്കാലിക റോഡിൽ വെള്ളം കയറി റാന്നി–കോഴഞ്ചേരി പാതയിൽ ഗതാഗതം മുടങ്ങി. അത്തിക്കയം പുത്തൻപുരയ്ക്കൽ മധുസൂദനന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്നു.

പമ്പാനദിയിലെ അരയാഞ്ഞിലിമണ്ണ് കോ‌സ്‌വേയിൽ വെള്ളം കയറിയപ്പോൾ.
പമ്പാനദിയിലെ അരയാഞ്ഞിലിമണ്ണ് കോ‌സ്‌വേയിൽ വെള്ളം കയറിയപ്പോൾ.

ജലനിരപ്പുയർന്ന് ഡാമുകൾ
സീതത്തോട് ∙ ജല നിരപ്പ് ഉയർന്നതിനെ തുടർന്നു മൂഴിയാർ അണക്കെട്ടിന്റെ രണ്ടാം നമ്പർ ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തി. സായിപ്പിൻക്കുഴി തോട്ടിലും ജലനിരപ്പ് ഉയർന്നു. കൂടുതൽ ഷട്ടറുകൾ വീണ്ടും ഉയർത്താൻ സാധ്യത. കക്കാട്ടാറ്റിൽ ഉയർന്ന ജലനിരപ്പാണ്. മണിയാർ അണക്കെട്ടിന്റെ ഷട്ടറുകളും കഴിഞ്ഞ ദിവസം മുതൽ ഉയർത്തി വച്ചിരിക്കുകയാണ്. ചെറുകിട ജലവൈദ്യുത പദ്ധതികളായ അള്ളുങ്കൽ ഇഡിസിഎൽ, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്, പെരുനാട് പദ്ധതി ഇവയുടെ ജല സംഭരണികളിലും ഉയർന്ന ജല നിരപ്പാണ്.

ശബരിമല തീർഥാടന പാതയിൽ ളാഹയ്ക്കും പ്ലാപ്പള്ളിക്കും മധ്യേ ചെളിക്കുഴിയിൽ റോഡിലേക്കു മരം ഒടിഞ്ഞ് വീണ് ഗതാഗതം ഒന്നര മണിക്കൂറോളം തടസ്സപ്പെട്ടു.ഇന്നലെ രാവിലെ എട്ടോടെയാണ് മരം ഒടിഞ്ഞ് വീണത്. രാജാമ്പാറ സ്റ്റേഷനിൽ നിന്ന് എസ്എഫ്ഒമാരായ കെ.ആർ രാജേഷ്, കെ.ആർ ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും സീതത്തോട് അഗ്നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം മരം മുറിച്ച് മാറ്റിയതിനു ശേഷം ഒൻപതരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന ഗവിയിലേക്കു സഞ്ചാരികൾക്കുള്ള പ്രവേശനവും നിർത്തി വച്ചു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com